
ദില്ലി: ജമ്മു കാശ്മീരിലെ ഇന്ത്യൻ സൈനികർക്ക് പരിഷ്കരിച്ച എകെ 203 തോക്കുകൾ നൽകിയേക്കും. ഉത്തർപ്രദേശിലെ അമേഠിയിൽ ഓർഡൻസ് ഫാക്ടറി ബോർഡും റഷ്യയും സംയുക്തമായാണ് ഈ തോക്കുകൾ നിർമ്മിക്കുന്നത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ തോക്കുകൾ ഉപയോഗിക്കാനാണ് ആലോചന. വസ്ത്രത്തിനകത്ത് ഒളിപ്പിച്ചു വയ്ക്കാൻ പറ്റുന്ന തരം തോക്കുകൾ ഉപയോഗിച്ച് സൈന്യത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് നീക്കം.
ഇതിനോടകം 93000 ചെറു യന്ത്രത്തോക്കുകൾക്ക് വേണ്ടിയുള്ള ടെണ്ടർ ഫാസ്റ്റ് ട്രാക്ക് രീതിയിൽ നൽകാനാണ് ആലോചന. എകെ 203 ന്റെ പിൻഭാഗം നീക്കി ഈ തോക്ക് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കാൻ സാധിക്കുന്ന തരം ചെറു തോക്കാക്കി മാറ്റാനാവും. ആവശ്യമെങ്കിൽ ഈ തോക്കിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനുമാവും.
എന്നാൽ തോക്കുകൾ വാങ്ങുന്ന കാര്യത്തെ കുറിച്ച് വിശദമായി പരിശോധിക്കാൻ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും, പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ഉദ്യോഗസ്ഥരും അടക്കമുള്ള ഒരു സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടുകൾ പരിഗണിച്ചാവും അടുത്ത തീരുമാനങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam