'തോറ്റാലും ജയിച്ചാലും': ബിജെപി ആസ്ഥാനത്തെ അമിത് ഷായുടെ ഫോട്ടോവച്ച ബോര്‍ഡിന്‍റെ അര്‍ത്ഥം

By Web TeamFirst Published Feb 11, 2020, 10:27 AM IST
Highlights

വിജയം ഉറപ്പിച്ച് ദില്ലിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്ത് ആഘോഷം തുടങ്ങി. രാവിലെ പോസ്റ്റ‌ൽ വോട്ടുകളുടെ വിവരം അറിഞ്ഞപ്പോൾത്തന്നെ കെജ്‍രിവാൾ ദില്ലി ദീൻ ദയാൽ ഉപാധ്യായ് മാർഗിലെ റൗസ് അവന്യൂവിലുള്ള ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് എത്തിയിരുന്നു. 'ഫിർ ഏക് ബാർ കെജ്‍രിവാൾ' എന്ന പാട്ടുമായി പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. 

ദില്ലി: ദില്ലി തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 2015ലെ മൂന്ന് സീറ്റ് എന്ന നിലയില്‍ നിന്ന് ബിജെപി മുന്നേറ്റം നടത്തിയെങ്കിലും ഭരണം ലഭിക്കില്ലെന്ന ഏതാണ്ട് തീരുമാനമായിട്ടുണ്ട്. ഇതേ സമയം ബിജെപി ദേശീയ ആസ്ഥാനത്തെ ഒരു പോസ്റ്ററാണ് ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ദില്ലി തെരഞ്ഞെടുപ്പില്‍ തോല്‍വി ആയാലും ജയമായാലും ഞങ്ങള്‍ സ്വീകരിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് അമിത്ഷായുടെ ഫോട്ടോയുള്ള പോസ്റ്ററില്‍ ഉള്ളത്. 'വിജയം ഞങ്ങളെ അഹംഭാവികളാക്കില്ല, പരാജയം ഞങ്ങളെ തളര്‍ത്തില്ല' - എന്നാണ് ബിജെപി ആസ്ഥാനത്തെ പോസ്റ്ററില്‍ ഉള്ളത്.

അതേ സമയം  വിജയം ഉറപ്പിച്ച് ദില്ലിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്ത് ആഘോഷം തുടങ്ങി. രാവിലെ പോസ്റ്റ‌ൽ വോട്ടുകളുടെ വിവരം അറിഞ്ഞപ്പോൾത്തന്നെ കെജ്‍രിവാൾ ദില്ലി ദീൻ ദയാൽ ഉപാധ്യായ് മാർഗിലെ റൗസ് അവന്യൂവിലുള്ള ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് എത്തിയിരുന്നു. 'ഫിർ ഏക് ബാർ കെജ്‍രിവാൾ' എന്ന പാട്ടുമായി പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. 

അപ്പോഴും 55 സീറ്റുകളിൽ ജയിക്കുമെന്ന ബിജെപി ദില്ലി അധ്യക്ഷൻ മനോജ് തിവാരിയുടെ പ്രതികരണം രാഷ്ട്രീയ നിരീക്ഷകരെ അദ്ഭുതപ്പെടുത്തുകയാണ്. 

2015-ൽ പാർട്ടി ആസ്ഥാനത്ത് എങ്ങനെയാണോ വൻ വിജയത്തിലേക്ക് എത്തിയപ്പോൾ പ്രവർത്തകരെ ഭാര്യ സുനിതയോടൊപ്പം അഭിസംബോധന ചെയ്യാനെത്തിയത് അതേ പോലെ, ഒരു വേദി പാർട്ടി ആസ്ഥാനത്തിന് മുകളിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ പതാകയുടെ നിറങ്ങളും നീലയും വെള്ളയും ചേർന്ന ബലൂണുകൾ തൂക്കി വേദിയെ അലങ്കരിച്ചിട്ടുണ്ട്.

'ആം ആദ്മി പാർട്ടിയിൽ ചേരൂ' എന്ന് എഴുതിയ ഡിജിറ്റൽ ബോർഡുകളും അവിടെ കാണാം. ദേശീയ പതാകകളുമായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്. ആം ആദ്മി പാർട്ടിയുടെ ഈ ദേശീയ ആസ്ഥാനം വീണ്ടുമൊരു ചൂൽ വിപ്ലവം ആഘോഷിക്കുകയാണ്. പടക്കം പൊട്ടിച്ച് മലിനീകരണമുണ്ടാക്കരുതെന്ന് ഇന്നലെ തന്നെ കെജ്‍രിവാൾ പ്രവർത്തകരോട് പറഞ്ഞിരുന്നു.

മൂന്ന് സീറ്റെന്ന ദയനീയ സ്ഥിതിയിൽ നിന്ന് ബിജെപി നില മെച്ചപ്പെടുത്തുമ്പോഴും 55 സീറ്റുകളുമായി അധികാരത്തിൽ വരുമെന്നാണ് ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞത്. നേരത്തേ തന്‍റെ ആറാമിന്ദ്രിയം പറയുന്നത് ബിജെപി അധികാരത്തിൽ വരുമെന്നാണ് എന്നും, ഫലം വന്ന് കഴിഞ്ഞാൽ പിന്നെ ഇവിഎമ്മുകളെ കുറ്റം പറയരുതെന്നും പറ‍ഞ്ഞ് വിവാദമുണ്ടാക്കിയ ആളാണ് മനോജ് തിവാരി.
 

click me!