മമതയ്ക്ക് എതിരെ മോദി, കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്‍റെ പേരുമാറ്റൽ ചടങ്ങ് ബഹിഷ്കരിച്ച് മമത

By Web TeamFirst Published Jan 12, 2020, 7:25 PM IST
Highlights

മോദിയെ നേരിട്ട് കാണാൻ മമത പോയതിനെതിരെ മമതയ്ക്ക് എതിരെത്തന്നെ കൊൽക്കത്തയിൽ പ്രതിഷേധങ്ങളുയർന്നിരുന്നു. ഇതും പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാമെന്ന് മമത തീരുമാനിക്കുന്നതിന് കാരണമായെന്നാണ് സൂചന.

കൊൽക്കത്ത: പൗരത്വനിയമഭേദഗതിയുടെ പേരിൽ രാജ്യത്തെ യുവാക്കളെ പ്രതിപക്ഷം വഴി തെറ്റിക്കുന്നുവെന്ന് വിമർശിച്ച മോദിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്‍റെ പേരുമാറ്റൽ ചടങ്ങ് ബഹിഷ്കരിച്ച് മമതാ ബാനർജി. ബേലൂർ രാമകൃഷ്ണ മഠത്തിൽ നടത്തിയ പരിപാടിയിൽ വച്ചാണ് പ്രതിപക്ഷത്തിനെതിരെ മോദി രൂക്ഷവിമർശനമുയർത്തിയത്. ഇത് മമതയെ പ്രകോപിപ്പിച്ചതായാണ് സൂചന. ഒപ്പം, കൊൽക്കത്തയിലെത്തിയ മോദിയെ നേരിട്ട് കാണാൻ മമത പോയതിനെതിരെ കൊൽക്കത്തയിൽ പ്രതിഷേധങ്ങളുയർന്നിരുന്നു. ഇതും പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാമെന്ന് മമത തീരുമാനിക്കുന്നതിന് കാരണമായി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പശ്ചിമബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ആദ്യദിനം മമതാ ബാനർജി എത്തിയിരുന്നു. രാജ്ഭവനിൽ വച്ച് നടന്ന കൂടിക്കാഴ്ച വെറും 'മര്യാദയ്ക്ക് വേണ്ടിയുള്ള സന്ദർശന'മായിരുന്നുവെന്നാണ് മമത പിന്നീട് വിശദീകരിച്ചത്. പൗരത്വ നിയമഭേദഗതിയോ ദേശീയ പൗരത്വ, ജനസംഖ്യാ റജിസ്റ്ററുകളോ നടപ്പാക്കുന്നതിൽ പുനർവിചിന്തനം വേണമെന്ന് മോദിയോട് മമത ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ബംഗാളിന് കേന്ദ്രം നൽകാതെ തടഞ്ഞുവച്ചിരിക്കുന്ന കേന്ദ്രഫണ്ടും ദുരിതാശ്വാസഫണ്ടും നൽകണമെന്നും മമത ആവശ്യപ്പെട്ടു. 

Read more at: പൗരത്വ നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണ്, പിൻവലിക്കണം: ഉറച്ച സ്വരത്തിൽ മോദിയോട് മമത

ഇതിന് പിന്നാലെയാണ് മമതയ്ക്ക് എതിരെ പ്രതിഷേധങ്ങൾ ഉയർന്നത്. പക്ഷേ, പ്രതിഷേധങ്ങളെല്ലാം അവഗണിച്ച്, കൊൽക്കത്തയിൽ മോദിയെ കണ്ട ശേഷം മമത പോയത് പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിൽ പങ്കെടുക്കാനാണ്.

കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്‍റെ പേര് മാറ്റി

ബിജെപിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘ് 1951-ൽ രൂപീകരിച്ച ശ്യാമപ്രസാദ് മുഖർജിയുടെ പേരിൽ കൊൽക്കത്ത പോർട്ട് ട്രസ്റ്റ് പുനർനാമകരണം ചെയ്തു പ്രധാനമന്ത്രി. 

''ബംഗാളും കൊൽക്കത്ത പോർട്ട് ട്രസ്റ്റുമായി ബന്ധമുള്ളവർക്ക് ഇന്നത്തെ ദിവസം സുപ്രധാനമാണ്. ഇന്ത്യയുടെ വ്യാവസായിക വളർച്ച, ആത്മീയത, സ്വയം പര്യാപ്തത എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ഈ തുറമുഖം. ഇന്ത്യ സ്വാതന്ത്ര്യം നേടിയതും പുരോ​ഗതിയിലേക്ക് കുതിച്ചതും കണ്ട തുറമുഖമാണിത്. കൊൽക്കത്ത തുറമുഖം ഇനി മുതൽ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ പേരിൽ അറിയപ്പെടും.'' പ്രധാനമന്ത്രി മോദി പറഞ്ഞു.

അതേസമയം, മോദിക്കെതിരെ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധപ്രകടനങ്ങളാണ് നടക്കുന്നത്. ''ഗോ ബാക്ക് മോദി'' വിളികളും കറുത്ത കൊടികളുമായി നിരവധി പ്രതിഷേധക്കാർ മോദി എത്തിയ വിമാനത്താവളത്തിന് പുറത്തും പങ്കെടുക്കുന്ന വേദികളിലുമടക്കം എത്തുന്നു. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷാ വലയത്തിലാണ് മോദിയുടെ പരിപാടികളെല്ലാം നടക്കുന്നത്. 

click me!