Asianet News MalayalamAsianet News Malayalam

പൗരത്വ നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണ്, പിൻവലിക്കണം: ഉറച്ച സ്വരത്തിൽ മോദിയോട് മമത

പ്രധാനമന്ത്രി വരുന്നുവെന്നറിഞ്ഞതിന് പിന്നാലെ കൊൽക്കത്തയിൽ മോദിക്കെതിരെ വൻ പ്രതിഷേധപ്രകടനങ്ങൾ നടന്നിരുന്നു. 'ഗോ ബാക്ക് മോദി' എന്നെഴുതിയ ബാനറുകളുമായി തടിച്ചുകൂടിയ ജനം വിമാനത്താവളത്തിനടുത്തും പ്രതിഷേധിച്ചു. 

mamata banerjee modi meeting didi demands caa should be withdrawn
Author
Kolkata, First Published Jan 11, 2020, 7:42 PM IST

കൊൽക്കത്ത: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പശ്ചിമബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി മമതാ ബാനർജി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ മോദിയോട്, പൗരത്വ നിയമഭേദഗതി അടിയന്തരമായി പിൻവലിക്കണമെന്നും പൗരത്വ റജിസ്റ്റർ നടപ്പാക്കരുതെന്നും മമത ആവശ്യപ്പെട്ടു. പൗരത്വ റജിസ്റ്റർ തയ്യാറാക്കാനായി ജനസംഖ്യാ റജിസ്റ്ററിലെ വിവരങ്ങൾ ഉപയോഗിക്കരുതെന്നും കൂടിക്കാഴ്ചയിൽ മമത പറഞ്ഞു. പൗരത്വ നിയമഭേദഗതിയുടെ പേരിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ നടക്കുന്നത് വൻ വാക്പോരാണ്. ലോക്സഭയിലും രാജ്യസഭയിലും തൃണമൂൽ പൗരത്വ ബില്ലിനെ എതിർത്താണ് വോട്ട് ചെയ്തത്.

''ഔപചാരികമര്യാദയുടെ പേരിലാണ് ഞാൻ പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തിയത്. പശ്ചിമബംഗാളിലെ ജനങ്ങൾ പൗരത്വ നിയമഭേദഗതിയോ, ദേശീയ പൗരത്വ, ജനസംഖ്യാ റജിസ്റ്ററുകളോ സ്വീകരിക്കാൻ പോകുന്നില്ലെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ഇവയിലെല്ലാം പുനർവിചിന്തനം വേണമെന്നും ഞാൻ ആവശ്യപ്പെട്ടു'', കൂടിക്കാഴ്ചയ്ക്ക് ശേഷം മമതാ ബാനർജി പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്ക് എതിരെ ശക്തമായ പ്രതിഷേധമുയർത്തുന്ന പ്രമുഖനേതാക്കളിൽ ഒരാളാണ് മമതാ ബാനർജി. വിഷയം ഉന്നയിച്ചപ്പോൾ, അദ്ദേഹം ദില്ലിയിലെത്തി ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു യോഗം വിളിക്കാമെന്നും അതിനെത്തണമെന്നും ആവശ്യപ്പെട്ടതായും മമതാ ബാനർജി പറഞ്ഞു.

''ബംഗാളിന് ലഭിക്കാനുള്ള 38,000 രൂപയുടെ ധനസഹായം ഉടൻ നൽകണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബുൾബുൾ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടത്തിന് ബംഗാളിന് കിട്ടേണ്ടിയിരുന്ന ഏഴായിരം രൂപയും ഇതുവരെ ലഭിച്ചിട്ടില്ല'', മമതാ ബാനർജി വ്യക്തമാക്കി.

നിരവധി പരിപാടികളിലാണ് പ്രധാനമന്ത്രി പശ്ചിമബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ പങ്കെടുക്കുന്നത്. രണ്ട് പരിപാടികളിലെങ്കിലും മോദിയും മമതയും ഒരേ വേദി പങ്കിടുന്നുമുണ്ട്. 

വൈകിട്ടോടെ കൊൽക്കത്തയിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ജഗ്ദീപ് ധൻകറും, സംസ്ഥാന മുൻസിപ്പൽ കാര്യമന്ത്രി ഫിർഹാദ് ഹക്കിമും, പശ്ചിമബംഗാൾ ബിജെപി പ്രസിഡന്‍റ് ദിലിപ് ഘോഷും ചേർന്നാണ് സ്വീകരിച്ചത്. അതേസമയം, വിമാനത്താവളത്തിന്‍റെ ഗേറ്റിൽ മോദിക്കെതിരെ പ്രതിഷേധവും കൊടുമ്പിരിക്കൊള്ളുന്നുണ്ടായിരുന്നു.

Read more at: 'ഗോ ബാക്ക് മോദി' വിളികളുമായി വ്യാപക പ്രതിഷേധം; പ്രധാനമന്ത്രി കൊല്‍ക്കത്തയിലെത്തി

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് സംസ്ഥാനമെമ്പാടും വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കറൻസി ബിൽഡിംഗ്, ബെൽഡവർ ഹൗസ്, മെറ്റ്കാഫ് ഹൗസ്, വിക്ടോറിയ മെമ്മോറിയൽ എന്നീ ചരിത്രപ്രധാനമായ കെട്ടിടങ്ങളുടെയെല്ലാം നവീകരണത്തിന് ശേഷം ഇവയുടെ ഉദ്ഘാടനവും മോദി നിർവഹിക്കും. 

പിന്നീട് കൊൽക്കത്തയിലെ ഹുഗ്ലി നദിക്കരയിലുള്ള മില്ലേനിയം പാർക്കിൽ, കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്‍റെ 150 വാർഷികാഘോഷത്തിലും മോദി പങ്കെടുക്കും. 

ഹൗറ പാലത്തിന് മുകളിലുള്ള പുതിയ വെളിച്ചവിന്യാസവും മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.

Follow Us:
Download App:
  • android
  • ios