പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലീങ്ങളെയും ഉള്‍പ്പെടുത്തണം; എന്‍ഡിഎ ഘടകക്ഷി ശിരോമണി അകാലിദള്‍

By Web TeamFirst Published Jan 31, 2020, 12:20 PM IST
Highlights

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിലെ തന്നെ ഘടക കക്ഷി വിമര്‍ശനവുമായി രംഗത്തെത്തിയത് ബി ജെ പിയില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. 

ദില്ലി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എന്‍ഡിഎ ഘടക കക്ഷിയായ ശിരോമണി അകാലിദള്‍. പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലീങ്ങളെയും ഉള്‍പ്പെടുത്തണമെന്ന്   ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് ശിരോമണി അകാലിദളിന്റെ പ്രതികരണം.

മതാടിസ്ഥാനത്തില്‍ ഒരു നിയമം കൊണ്ടുവരുന്നതിനെ സ്വീകരിക്കാനാവില്ലെന്നും യോഗത്തില്‍ പാര്‍ട്ടിയുടെ രാജ്യസഭാംഗം ബല്‍വീന്ദര്‍ സിംഗ് ഭണ്ടര്‍ പറഞ്ഞു.  ദേശീയതലത്തിൽ തയ്യാറാക്കിയ നിയമനിർമ്മാണം സ്വീകാര്യമല്ല. പൗരത്വ  ഭേദഗതി നിയമത്തിലൂടെ മുസ്‌ലീങ്ങളെ ഒഴിവാക്കരുതെന്ന്  ബല്‍വീന്ദര്‍ സിംഗ് ആവശ്യപ്പെട്ടുവെന്ന് ദേശീയ മാധ്യമാമയ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.  

നിയമത്തില്‍ മതങ്ങളുടെ പേര് മാറ്റി മതന്യൂനപക്ഷങ്ങള്‍ എന്നാക്കണമെന്ന് ബല്‍വീന്ദര്‍ സിംഗ് പറഞ്ഞു. എന്നാല്‍ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍  ശിരോമണി അകാലിദള്‍ പിന്തുണച്ചിരുന്നു.  ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സീറ്റ് പങ്കുവെച്ചതില്‍ ശിരോമണി അകാലിദള്‍ നേരത്തെ അതൃപ്തി രേഖപ്പെടുത്തി. 

കൂടാതെ  ദില്ലി  തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലീം വിരുദ്ധ പ്രചാരണങ്ങളെയും   ബല്‍വന്ദീര്‍ വിമർശിച്ചു. ചില പദപ്രയോഗങ്ങളോടെ ന്യൂനപക്ഷങ്ങൾക്കെതിരെ ഉന്നയിക്കപ്പെടുന്ന മുദ്രാവാക്യങ്ങൾ വളരെ നിർഭാഗ്യകരമാണ്. ഒരു ഘട്ടത്തിൽ ഇത്തരം മുദ്രാവാക്യങ്ങൾ സിഖുകാർക്കെതിരെയും ഉയർന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന്‍റെ പശ്ചാത്തലത്തില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിന്ദര്‍ സിംഗും ഇത് സംബന്ധിച്ച് ഇന്നലെ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിലെ തന്നെ കക്ഷി വിമര്‍ശനവുമായി രംഗത്തെത്തിയത് ബി ജെ പിയില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. 
 

click me!