
ദില്ലി: നികുതി കുടിശ്ശികയുടെ പേരില്‍ കോൺഗ്രസിനെതിരെ ആദായ നികുതി വകുപ്പ്. 520 കോടി രൂപയുടെ നികുതി കുടിശ്ശിക അടച്ചില്ലെന്ന് ആദായ നികുതി വകുപ്പ് ദില്ലി ഹൈക്കോടതിയിൽ അറിയിച്ചു. 2014 മുതൽ 2017 വരെയുള്ള നികുതി കുടിശ്ശിക കൂടി കൂട്ടിയാണ് ഇതെന്ന് ആദായ നികുതി വകുപ്പിന്‍റെ അഭിഭാഷകൻ സോഹേബ് ഹുസൈൻ കോടതിയെ അറിയിച്ചു.
ഇത് സംബന്ധിച്ച ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ നോട്ടീസ് റദ്ദാക്കാൻ കോടതി തയ്യാറായില്ല.
അതേസമയം നോട്ടീസിനെതിരെ കോൺഗ്രസിന് ആദായ നികുതി അപ്പീൽ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. കോൺഗ്രസിന്‍റെ ഏഴ് വർഷങ്ങളിലെ നികുതി കൂടിശ്ശിക തിരിച്ചെടുക്കാനുള്ള നടപടിയാണ് നടത്തുന്നതെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു.
നേരത്തെ 2017-18 സാമ്പത്തിക വർഷം മാത്രം കോൺഗ്രസ് കുടിശ്ശിക 135 കോടിയുണ്ടായിരുന്നു. ഈ നോട്ടീസിനെതിരെയും കോൺഗ്രസ് ദില്ലി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നോട്ടീസ് നിലനിർത്താനുള്ള ആദായ നികുതി അപ്പീൽ ട്രൈബ്യൂണൽ നടപടി കോടതി ശരിവയ്ക്കുകയായിരുന്നു.
Also Read:- വിദ്വേഷ പരാമര്‍ശം; ശോഭ കരന്തലജെയ്ക്ക് എതിരെ നടപടി, തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നല്‍കി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-