
ദില്ലി : ബിബിസിയുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിൽ പരിശോധന നടത്തിയതിന് പിന്നാലെ ജീവനക്കാർക്ക് നിർദേശവുമായി ആദായ നികുതി വകുപ്പ്. ഉപകരണങ്ങളിൽ നിന്ന് ഒന്നും ഡിലീറ്റ് ചെയ്യരുതെന്നും ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നുമുള്ള നിര്‍ദ്ദേശമാണ് നൽകിയിരിക്കുന്നത്. നടപടി സംബന്ധിച്ച് നാളെ ഏജൻസി വിശദീകരണം നൽകിയേക്കും. പിഐബി വഴി പ്രസ്താവന നൽകും എന്നും സൂചനയുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന.
ആദായ നികുതി വകുപ്പിൻ്റെ ബിബിസി ഓഫീസുകളിലെ പരിശോധന മൂന്നാം ദിവസവും പിന്നിട്ടു. നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്. ബിബിസിക്ക് പല തവണ മുന്നറിയിപ്പ് നൽകിയതാണെന്നും നോട്ടീസുകൾ തുടർച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് പരിശോധനയെന്നുമാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം.
പരിശോധന കണക്കിലെടുത്ത് വാർത്താ വിഭാഗത്തിലെ ചില ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തുന്നത്.മറ്റുള്ളവരോട് വർക്ക് ഫ്രം ഹോം രീതിയിൽ തുടരാനാണ് ഇന്നും നിർദ്ദേശം. അതേസമയം ഇന്നലെ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന പ്രവർത്തകർ ദില്ലി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചതോടെ ഓഫീസിന് സുരക്ഷ കൂട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam