
ചെന്നൈ: ഡിഎംകെ നേതാവും തമിഴ് സിനിമാ നിർമ്മാതാവുമായ ജയമുരുകന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈയിലെയും മധുരയിലെയും മൂന്ന് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.
ജയമുരുകന്റെ രണ്ട് സ്ഥാപനങ്ങളിലും വസതിയിലുമാണ് റെയ്ഡ്. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്‍റെ വീട്ടിൽ ഇന്നലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. സ്റ്റാലിന്‍റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്ഡ് നടന്നത്. മരുമകൻ ശബരിശന്‍റെ സ്ഥാപനങ്ങളിൽ അടക്കം ഒരേ സമയം നാലിടങ്ങളിലായിട്ടായിരുന്നു പരിശോധന.
എം കെ സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടന്നു. പരിശോധന 12 മണിക്കൂർ നീണ്ടു. ശബരീശന്റെ സ്ഥാപനങ്ങളിൽ നിന്ന് നിരവധി രേഖകൾ ആദായ നികുതി പിടിച്ചെടുത്തു. വസതിയിൽ നിന്ന് 1,36,000 രൂപയും പിടിച്ചെടുത്തു. എന്നാൽ കൃത്യമായ രേഖകൾ ഹാജരാക്കിയതോടെ ഈ തുക തിരികെ നൽകി. സ്റ്റാലിന്റെ മകളുടെ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച രേഖകൾ വിശദമായി പരിശോധിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
ചെന്നെെയിൽ വിവിധ ഇടങ്ങളിലായി നടക്കുന്ന പരിശോധന ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. നിരന്തരമായി നടക്കുന്ന ഇത്തരം പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാണ്. ആദായ നികുതി റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് നീക്കമെന്നാണ് ഡിഎംകെ പ്രതികരണം. റെയ്ഡ് രാഷ്ട്രീയപ്രേരിതമാണ്. ഇത്തരം നീക്കം വിലപ്പോവില്ലെന്നും ഡിഎംകെ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam