യെദിയൂരപ്പയ്ക്ക് ആദായനികുതി കുരുക്ക്? മകൻ്റേയും വിശ്വസ്ഥൻ്റേയും സ്ഥാപനങ്ങളിൽ റെയ്ഡ്

By Web TeamFirst Published Oct 7, 2021, 11:44 AM IST
Highlights

യെദ്യൂരപ്പയുടെ പേഴ്സണൽ അസിസ്റ്റൻ്റും വലം കൈയുമായ ഉമേഷിൻ്റെ സ്ഥാപനങ്ങളിലും മകൻ വിജയേന്ദ്രയ്ക്ക് പങ്കാളത്തിമുള്ള വിവിധ സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിൻ്റെ പരിശോധന നടക്കുന്നത്.

ബെംഗളൂരു: കർണാടക മുൻമുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ (B.S.Yediyurappa) വിശ്വസ്ഥരുടേയും മകൻ്റേയും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയഡ് (Income Tax Raid) നടത്തുന്നു. കർണാടക ബിജെപിയേയും യെദിയൂരപ്പ വിഭാഗത്തേയും ഞെട്ടിച്ചാണ് ഇന്ന് രാവിലെ മുതൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. 

യെദ്യൂരപ്പയുടെ പേഴ്സണൽ അസിസ്റ്റൻ്റും വലം കൈയുമായ ഉമേഷിൻ്റെ സ്ഥാപനങ്ങളിലും മകൻ വിജയേന്ദ്രയ്ക്ക് (B. Y. Vijayendra) പങ്കാളത്തിമുള്ള വിവിധ സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിൻ്റെ പരിശോധന നടക്കുന്നത്. വിജയേന്ദ്രയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ആദായനികുതി വകുപ്പ് ശേഖരിക്കുന്നുണ്ടെന്നാണ് സൂചന. ഉമേഷിൻ്റെ രാജാജി നഗറിലെ വീട്ടിലും ബസന്ത് സർക്കിളിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുകയാണ്. വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള സ്പ്രേ സ്റ്റാർ റെസിഡൻസി, ആർ. എൻ്റർപ്രൈസസ് എന്നീ സ്ഥാപനങ്ങളിലും പരിശോധന പുരോഗമിക്കുന്നു. 

നരേന്ദ്രമോദിയുടെ രാഷ്ട്രീയ പ്രഭാവം കർണാടകയിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യില്ലെന്ന പ്രസ്താവ കുറച്ചു ദിവസം മുൻപ് യെദിയൂരപ്പ നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വിജയേന്ദ്രയ്ക്ക് നൽകാത്തതിനെ ചൊല്ലി കർണാടക ബിജെപിയിൽ നേരെ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യെദിയൂരപ്പയെ സമ്മർദ്ദത്തിലാക്കി കൊണ്ട് ആദായനികുതി വകുപ്പിൻ്റെ റെയ്ഡ് ആരംഭിച്ചത്. 


 

click me!