കേന്ദ്രബജറ്റില്‍ ആദായനികുതി നിരക്കുകള്‍ കുറക്കുന്നതിന് ആലോചന,മധ്യവർഗ്ഗത്തിൻറെ അതൃപ്തി പരിഹരിക്കാന്‍ നീക്കം

By Web TeamFirst Published Jan 19, 2023, 12:51 PM IST
Highlights

2014 ന് ശേഷം നികുതി നിരക്കുകളില്‍ ധനമന്ത്രാലയം മാറ്റം വരുത്തിയിട്ടില്ല.വിലക്കയറ്റം തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ മധ്യവർഗത്തെ ബാധിക്കുന്നത് കണക്കിലെടുത്ത് ബജറ്റില്‍ അനുഭാവ പൂര്‍ണമായ ഇടപെടല്‍ വേണമന്ന്  ആർഎസ്എസ് അഭിപ്രായപ്പെട്ടിരുന്നു

ദില്ലി:കേന്ദ്ര ബജറ്റില്‍  ആദായ നികുതി നിരക്കുകള്‍ കുറക്കുന്നതിന് കേന്ദ്രസർക്കാർ ആലോചന.  പ്രധാനമന്ത്രിയുടെ ഓഫീസിനോട് ധനമന്ത്രാലയം  ഇക്കാര്യത്തില്‍ അനുമതി തേടിയതായാണ് വിവരം. മധ്യവർഗ്ഗത്തിൻറെ അതൃപ്തി പരിഹരിക്കണം എന്ന നിർദ്ദേശം നേരത്തെ ആർഎസ്എസ് നല്കിയിരുന്നു. പൊതു തെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നില്‍ക്കെ  രാജ്യത്തെ മധ്യവർഗത്തിന് ആശ്വാസം നല്‍കുന്ന തീരുമാനം കേന്ദ്ര സർക്കാർ സ്വീകരിക്കുമോയെന്നതിലാണ്  ആകാംഷ . 2014 ന് ശേഷം നികുതി നിരക്കുകളില്‍ ധനമന്ത്രാലയം മാറ്റം വരുത്തിയിട്ടില്ല. നിലവിലെ നിരക്കുകൾ  നിലനിർത്തി  2020 ല്‍ പുതിയ ആദായ നികുതി സംവിധാനം  നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിരുന്നു .എന്നാൽ കുറഞ്ഞ ആദായ നികുതി നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വീട് വാടകയോ, ഇന്‍ഷുറന്‍സോ കിഴിച്ച്  നികുതി ഒഴിവാക്കാൻ കഴിയില്ലെന്നത് ഇതിന്‍റെ സ്വീകാര്യതയെ ബാധിച്ചു.

വിലക്കയറ്റം തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ മധ്യവർഗത്തെ ബാധിക്കുന്നത് കണക്കിലെടുത്ത് ബജറ്റില്‍ അനുഭാവ പൂര്‍ണമായ ഇടപെടല്‍ വേണമന്ന് അടുത്തിടെ ആർഎസ്എസ് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആദായ നികുതി നിരക്കിൽ മാറ്റം വരുത്താനുള്ള ആലോചന നടക്കുന്നത്. നീക്കത്തെ കുറിച്ച് മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.  പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിലെടുക്കുന്ന രാഷ്ട്രീയ തീരുമാനത്തിനായി ധനമന്ത്രാലയം കാത്തിരിക്കുകയാണ്. .   പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചും മറ്റും വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ആദായ നികുതി നിരക്ക് മാറ്റുന്നത്  വരുമാനത്തെ എത്രത്തോളം ബാധിക്കുമെന്നത് പരിഗണിച്ചാകും തീരുമാനം. നിലവിൽ 2.5 ലക്ഷംവരെ വരുമാനത്തിന് നികുതിയില്ല. സ്ലാലുബകളിലെ മാറ്റത്തിനൊപ്പം ഭവനപലിശക്കുള്‍പ്പെടെ കൂടുതൽ ഇളവ് എന്ന ആവശ്യവും ശക്തമാകുകയാണ്.

ബജറ്റിൽ കസ്റ്റംസ് തീരുവ വർധിപ്പിച്ചേക്കും; 35 ഇനങ്ങളുടെ പട്ടിക പുറത്ത്

click me!