രാജ്യത്ത് 20 ലക്ഷം പേര്‍ കൊവിഡ് ചികിത്സയില്‍; മൂന്നാം ജനിതക മാറ്റം വന്ന വൈറസ് ഇന്ത്യയിലെന്ന് റിപ്പോർട്ട്

By Web TeamFirst Published Apr 20, 2021, 8:24 AM IST
Highlights

രാജ്യത്ത് കഴിഞ്ഞ ആറ് ദിവസമായി 2 ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് രണ്ടേമുക്കാൽ ലക്ഷം പിന്നിട്ടേക്കുമെന്നാണ് സൂചന.

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തി. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്. മൂന്ന് ജനിതകമാറ്റം വന്ന വൈറസിന്‍റെ വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതേസമയം, നാലാംഘട്ട വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു. ആരോഗ്യ വിദഗ്ധരും വാക്സീൻ നിർമ്മാതാക്കളുമായി വൈകിട്ട് ചർച്ച നടത്തും. വാക്സീൻ ഏതൊക്കെ വിഭാഗങ്ങൾക്ക് നല്‍കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 18 വയസ് കഴിഞ്ഞവരിൽ ആർക്കൊക്കെ വാക്സീൻ നല്‍കണമെന്ന് കേന്ദ്രം നിർദ്ദേശിക്കില്ല.

രാജ്യത്ത് കഴിഞ്ഞ ആറ് ദിവസമായി 2 ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് രണ്ടേമുക്കാൽ ലക്ഷം പിന്നിട്ടേക്കുമെന്നാണ് സൂചന. തുടർച്ചയായ രണ്ട് ദിവസം രണ്ടര ലക്ഷത്തിന് മുകളിലാണ് രോഗബാധിതർ.18 വയസിന് മുകളിലുള്ളവർക്ക് അടുത്ത ഒന്ന് മുതൽ വാക്സിനേഷൻ തുടങ്ങാനിരിക്കേ വാക്സീൻ ഉത്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്കിനുമായി 7500 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്രം അനുവദിച്ചു. അതേസമയം പശ്ചിമ ബംഗാളിൽ ബിജെപിയുടെ എല്ലാ പ്രചാരണ പരിപാടികളും പുനക്രമീകരിക്കാൻ തീരുമാനിച്ചു. ജനക്കൂട്ടം പരമാവധി ഒഴിവാക്കും. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പരമാവധി അഞ്ഞൂറ് പേരെന്ന് നേത്തെ തീരുമാനിച്ചിരുന്നു
 

click me!