
ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ പൊട്ടിത്തെറി. ആർജെഡിയും സിപിഐഎംഎല്ലും ചതിച്ചെന്ന് കോൺഗ്രസ് തുറന്നടിച്ചു. എന്നാൽ, സ്വന്തം വോട്ട് ഉറപ്പിക്കാനാകാത്ത കോൺഗ്രസ് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്ന് ആർജെഡിയും സിപിഐഎംഎല്ലും തിരിച്ചടിച്ചു. തോൽവിയിൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
കോൺഗ്രസ് സ്ഥാനാർത്ഥിയായി മല്ലികാർജ്ജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയായ പ്രണവ് ഝായെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ജെഎംഎം അടക്കം പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. ക്രോസ് വോട്ടിംഗ് നടന്നെന്ന് വ്യക്തമായതോടെയാണ് സഖ്യത്തിൽ തമ്മിലടി രൂക്ഷമായത്. ആർജെഡിയും സിപിഐഎംഎല്ലും മുന്നണിയെ ചതിച്ചെന്ന് ഝാര്‍ഖണ്ഡിലെ കോൺഗ്രസ് നേതാവ് രാജേഷ് താക്കൂറാണ് തുറന്നടിച്ചത്.
പിന്നാലെ കോൺഗ്രസിനെതിരെ ആർജെഡിയും സിപിഐഎംഎല്ലും രംഗത്തെത്തി. കോൺഗ്രസിന് സ്വന്തം വോട്ടുകൾപോലും ഉറപ്പിക്കാനായില്ലെന്നും ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പാർട്ടികളുടെ പ്രതിച്ഛായ തകർക്കുന്ന പ്രസ്താവനകൾ പാടില്ലെന്നും സിപിഐഎംഎൽ വിമർശിച്ചു. ബീഹാറിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാർ വോട്ട് ചെയ്യാൻ എത്താഞ്ഞത് ഓർമ്മിപ്പിച്ചാണ് ആർജെഡി വിമർശനം. വിജയിക്കാൻ 28 ഒന്നാം വോട്ടുകൾ വേണ്ടിടത്ത് 20 വോട്ടുകൾ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥി പ്രണവ് ഝായ്ക്ക് ലഭിച്ചത്. 24 എംഎൽഎമാർ മാത്രമുണ്ടായിട്ടും എൻഡിഎ സ്ഥാനാർത്ഥിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് അഫയേഴ്സ് ഡയറക്ടറുമായ പരിമൾ നത്വാനി 28 വോട്ട് നേടിയാണ് വിജയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam