
ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു. ഇന്ന് ദില്ലിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും. ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമാകുകയാണ്. ഇന്നലെ വലെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കാണ് ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ മാര്‍ച്ച് നടത്തുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ദില്ലിയിലുള്ള കേരള മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങിയവും പ്രതിഷേധത്തിൽ അണിനിരക്കും. മാർച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ദില്ലി. അതേസമയം മാർച്ചിൽ ആം ആദ്മി പാർട്ടി പങ്കെടുക്കില്ല. സ്വന്തമായി പ്രതിഷേധം നടത്താനാണ് എ എ പിയുടെ തീരുമാനം.
രാവിലെ പാർലമെന്റിന്റെ മകർ ദ്വാർ മുതൽ നിർവാചൻ സദൻ വരെയാണ് ഇന്ത്യ സഖ്യത്തിന്റെ എം പിമാർ മാർച്ച് നടത്തുന്നത്. രാവിലെ പത്ത് മണിക്ക് മകർ ദ്വാറിൽ എം പിമാർ ഒത്തുചേരുമെന്നും 150 ലധികം എം പിമാർ മാർച്ചിൽ പങ്കെടുക്കുമെന്നാണ് വിവരം. പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും, വോട്ടർപട്ടികയിലെ എസ് ഐ ആർ നടപടിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രധാനമായി ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യത്തിലേക്കാണ് പ്രതിഷേധം കേന്ദ്രീകരിക്കുന്നത്. എസ് ഐ ആർ നടപടിയിലൂടെ അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്നാരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഈ മാസം ഏട്ടുവരെ രാജ്യവ്യാപകമായി ‘Save Democracy’ പ്രതിഷേധ പരിപാടികൾ നടത്താനും, തുടർന്ന് ജില്ലാ തലത്തിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും സഖ്യം തീരുമാനിച്ചിട്ടുണ്ട്. നവംബർ ഒന്നിന് ദില്ലിയിൽ വൻ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണുകയും തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട പരാതികൾ നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രതിഷേധത്തിൽ എ എപി എംപിമാർ പങ്കെടുക്കില്ല. “സ്വന്തം രീതിയിലാണ് ഈ പോരാട്ടം തുടരുന്നത്” എന്നാണ് എ എ പി നേതാവ് സഞ്ജയ് സിംഗിന്റെ വിശദീകരണം. കമ്മീഷൻ ആസ്ഥാനത്തേക്ക് എ എ പി മാർച്ച് നടത്തുന്നുണ്ട്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷം കൂടുതൽ ഏകോപിത നീക്കത്തിലേക്ക് കടക്കുമ്പോഴും, സംയുക്ത മാർച്ചിൽ നിന്ന് എ എ പി മാറിനിൽക്കുന്നത് ബി ജെ പി ആയുധമാക്കിയിട്ടുണ്ട്. മാർച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് ദില്ലി.
അതേസമയം ഇന്നലെയും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധച്ചൂടിലായിരുന്നു ദില്ലി. ജന്തർമന്തറിലേക്ക് കോൺഗ്രസിന്‍റെ വിദ്യാർത്ഥി സംഘടനയായ നാഷ്ണൽ സ്റ്റുഡൻസ് യൂണിയൻ ഇന്ത്യയുടെ (എൻ എസ് യു ഐ) നേതൃത്വത്തിൽ നടന്ന സമരവും സംഘർഷഭരിതമായിരുന്നു. ഗ്യാനേഷിന്‍റെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല എന്ന നിലപാടിലാണ് പ്രതിപക്ഷവും വിദ്യാർഥി - യുവജന സംഘടനകളും. പ്രതീകാത്മക ശവശരീരങ്ങളെന്ന നിലയിലായിരുന്നു ഇന്നലത്തെ എൻ എസ് യു ഐ പ്രതിഷേധം ആരംഭിച്ചത്. മരിച്ചു പോയിയെന്നതടക്കം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയെന്ന ആക്ഷേപമാണ് ഈ പ്രകടനത്തിലൂടെ ഉന്നയിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും പിരിഞ്ഞ് പോകാതെ വന്നതോടെ പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. വനിതാ പ്രവർത്തകരെയടക്കം പൊലീസ് ബലം പ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. അതിനിടെ ജന്തർമന്തർ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ദില്ലി എ സി പി വിവേക് ഭഗത് ലൈംഗിക അതിക്രമം നടത്തിയെന്നും കയ്യേറ്റം ചെയ്തെന്നും ആരോപണമുന്നയിച്ച മാധ്യമപ്രവർത്തകയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. വനിത മാധ്യമ പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ രാഹുൽ ഗാന്ധിയടക്കം രംഗത്തെത്തി. പൊലീസ് മാധ്യമ പ്രവർത്തകരെ അതിക്രൂരമായി വലിച്ചിഴച്ചെന്നും, മോശമായി പെരുമാറിയെന്നും രാഹുൽ ആരോപിച്ചു. സാകേത് പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട രാഹുൽ, അമിത് ഷായും പൊലീസും സ്ത്രീകളെ ഭയക്കുന്നതെന്തിനെന്നും ചോദിച്ചു. ഈ പശ്ചാത്തലത്തിൽ ഇന്ത്യ സംഖ്യത്തിന്‍റെ ഇന്നത്തെ പ്രതിഷേധവും സംഘർഷഭരിതമാകാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam