ജിമ്മിന്റെ ഒന്നാം വാർഷികാഘോഷം കലാശിച്ചത് ദുരന്തത്തിൽ; ട്രെയിനർ സഹപ്രവർത്തകരുടെ മർദനമേറ്റ് മരിച്ചു

Published : Oct 05, 2026, 10:10 PM IST
bengaluru gym trainer death

Synopsis

ഞായറാഴ്ച പുലർച്ചെ അനുഷിന്റെ ഫ്ളാറ്റിൽവെച്ച് യുവാക്കൾ തമ്മിൽ തർക്കമുണ്ടായെന്നും തുടർന്നുണ്ടായ സംഘർഷത്തിൽ മർദനമേറ്റാണ് നന്ദൻ മരിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ നന്ദന്റെ അമ്മയുടെ പരാതിയിൽ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജിമ്മിലെ മറ്റു ട്രെയിനർമാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെം​ഗളൂരു: ജിംനേഷ്യത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്കിടെ ട്രെയിനറായ യുവാവ് സഹപ്രവർത്തകരുടെ മർദനമേറ്റ് മരിച്ചു. ബെം​ഗളൂരൂ ജാക്കൂർ ലേഔട്ടിൽ താമസിക്കുന്ന മഹേന്ദ്ര-മഞ്ജുള ദമ്പതിമാരുടെ ഏകമകൻ നന്ദൻ(25)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജിമ്മിലെ മറ്റു ട്രെയിനർമാരായ വിശ്വനാഥ്(22) ശരത്(27) നിശാന്ത്(24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കു പുറമേ ജിമ്മിലെ അം​ഗമായ അനുഷിനെതിരേയും കൊലപാതകത്തിൽ നന്ദന്റെ അമ്മ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഇയാളുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ അനുഷിന്റെ ഫ്ളാറ്റിൽവെച്ച് യുവാക്കൾ തമ്മിൽ തർക്കമുണ്ടായെന്നും തുടർന്നുണ്ടായ സംഘർഷത്തിൽ മർദനമേറ്റാണ് നന്ദൻ മരിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ നന്ദന്റെ അമ്മയുടെ പരാതിയിൽ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഒരുവർഷമായി സഹകരന​ഗറിലെ മാസീവ് ഫിറ്റ്നെസ് എന്ന ജിംനേഷ്യത്തിലെ ട്രെയിനറാണ് നന്ദൻ. ശനിയാഴ്ച ജിമ്മിന്റെ ഒന്നാം വാർഷികാഘോഷമായിരുന്നു. ജിമ്മിലെ ആഘോഷപരിപാടികൾക്ക് ശേഷം നന്ദനും സ​ഹപ്രവർത്തകരായ മൂന്ന് പ്രതികളും അനുഷിന്റെ ഫ്ളാറ്റിലേക്ക് പോയി. ഇവിടെയും ആഘോഷമുണ്ടായി. ആഘോഷത്തിനിടെ എല്ലാവരും ലഹരി ഉപയോ​ഗിച്ചതായാണ് കരുതുന്നത്. തുടർന്ന് ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ ഇവർ തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി. എല്ലാവരും പരസ്പരം തമ്മിൽത്തല്ലി. ഈ സംഘർഷത്തിനിടെയാണ് നന്ദൻ മർദനമേറ്റ് മരിച്ചത്.

നന്ദന്റെ ശരീരത്തിൽ ഒട്ടേറെ മുറിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശ്വാസംമുട്ടിച്ചാണോ മരണം സംഭവിച്ചതെന്നും സംശയമുണ്ട്. സംഘർഷത്തിൽ അറസ്റ്റിലായ പ്രതികൾക്കും പരിക്കുണ്ട്. ഫ്ളാറ്റിലെ ചില്ലുകളും വാഷ്ബേസിനും തകർന്നതായും പൊലീസ് പറഞ്ഞു.

അതേസമയം, സംഭവസമയം താൻ ഉറങ്ങുകയായിരുന്നുവെന്നും ഞായറാഴ്ച രാവിലെ പത്തരയോടെ എഴുന്നേറ്റപ്പോഴാണ് നന്ദനെ പരിക്കേറ്റനിലയിൽ കണ്ടതെന്നുമാണ് ഫ്ളാറ്റുടമയായ അനുഷിന്റെ മൊഴി. അബോധാവസ്ഥയിൽ നന്ദനെ കണ്ടതോടെ പരിചയക്കാരനായ ഡോക്ടറെ വീഡിയോകോളിൽ വിളിച്ച് സഹായംതേടി. ഡോക്ടറുടെ നിർദേശപ്രകാരം ഉടൻതന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോൾ നേരത്തേ മരണം സംഭവിച്ചെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. നന്ദൻ പരിക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുമ്പോളും സഹപ്രവർത്തകരായ മൂന്നുപേരും ഫ്ളാറ്റിൽ ഉണ്ടായിരുന്നതായും എന്നാൽ ഇവർ തിരിഞ്ഞുനോക്കിയില്ലെന്നും അനുഷ് പൊലീസിനോട് പറഞ്ഞു. അതേസമയം, എന്തിന്റെ പേരിലാണ് നന്ദനും പ്രതികളും തമ്മിൽ തർക്കമുണ്ടായതെന്ന് വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടുത്തവർഷം പകുതിയോടെ ചെന്നൈയിലും ഡ്രൈവറില്ലാ മെട്രോ; 15 ട്രെയിനുകൾ, പത്തുമിനിറ്റിന്റെ ഇടവേളയിൽ സർവീസ്
പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ