മൂന്ന് രാജ്യങ്ങള്‍ക്ക് ഇന്ത്യ 'ഹൈഡ്രോക്സി ക്ളോറോക്വിൻ' നല്‍കും; കേന്ദ്രാനുമതി

By Web TeamFirst Published Apr 9, 2020, 9:18 AM IST
Highlights

കൊവിഡ് 19ന്‍റെ വെല്ലുവിളിയെ നേരിടാനുള്ള പ്രധാന ആയുധമായാണ് മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ളോറോക്വീനെ അമേരിക്ക കാണുന്നത്. ഇന്ത്യയാണ് ഹൈഡ്രോക്സിക്ളോറോക്വിൻ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യം

ദില്ലി: മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ മൂന്ന് രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സിക്ളോറോക്വിൻ നല്‍കാനുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചു. യുഎസിനെ കൂടാതെ, സ്പെയിന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് മരുന്ന നല്‍കാനാണ് ഇന്ത്യ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

ഈ മൂന്ന് രാജ്യങ്ങളും നേരത്തെ തന്നെ ഈ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. കൊവിഡ് 19ന്‍റെ വെല്ലുവിളിയെ നേരിടാനുള്ള പ്രധാന ആയുധമായാണ് മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ളോറോക്വീനെ അമേരിക്ക കാണുന്നത്. ഇന്ത്യയാണ് ഹൈഡ്രോക്സിക്ളോറോക്വിൻ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യം. നേരത്തെ, കൊവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കിയത്.

എന്നാല്‍, കൊവിഡ് 19നെതിരെ മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ഇളവ് നല്‍കിയത്. തുടര്‍ന്ന് ഇന്ത്യക്ക് നന്ദി പറഞ്ഞ് മോദിയെ പുകഴ്ത്തി ട്രംപ് രംഗത്ത് വന്നിരുന്നു.  

ഈ യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല, മനുഷ്യരെ ആകെ സഹായിച്ച നരേന്ദ്രമോദിയുടെ കരുത്തുള്ള നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അത്യഅസാധാരണ സന്ദര്‍ഭങ്ങളിലാണ് യഥാര്‍ഥ സുഹൃത്തുക്കളുടെ സഹായം ആവശ്യമായി വരുന്നതെന്നും ട്രംപ് പറഞ്ഞു. 

click me!