Latest Videos

ഇന്ന് 73–ാം സ്വാതന്ത്ര്യ ദിനം; ആഘോഷം കനത്ത സുരക്ഷയിൽ; സംസ്ഥാനത്തും വിവിധ പരിപാടികൾ

By Web TeamFirst Published Aug 15, 2019, 5:58 AM IST
Highlights

കനത്ത ജാഗ്രതയിലാണ് രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. കശ്മീർ പുനസംഘടനയുടെ പശ്ചാത്തലത്തിൽ ദില്ലിയും തന്ത്രപ്രധാന ഇടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

ദില്ലി: എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി ഒരുങ്ങി രാജ്യം. രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ജമ്മുകശ്മീര്‍ പുനസംഘടനയെത്തുടര്‍ന്ന് പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ക്ക് പ്രധാനമന്ത്രി എന്ത് മറുപടി നല്‍കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കനത്ത ജാഗ്രതയിലാണ് രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. 

കശ്മീർ പുനസംഘടനയുടെ പശ്ചാത്തലത്തിൽ ദില്ലിയും തന്ത്രപ്രധാന ഇടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദില്ലിയിലെ റെയിൽവേ സ്റ്റേഷനുകളിലും മെട്രോയിലും വിമാനത്താവളങ്ങളിലും പരിശോധന ക‍ർശനമാക്കി. ഇന്നലെ വൈകീട്ടോടെ ദില്ലിയിലെ പ്രധാന ഇടങ്ങളിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്തതിന് ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി എന്തുപറയുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 

സ്വാതന്ത്ര്യത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. ജില്ലാ കേന്ദ്രങ്ങളിലെ ചടങ്ങുകളിൽ മന്ത്രിമാർ പങ്കെടുക്കും. ഒമ്പതരയ്ക്ക് രാജ്ഭവനിൽ ഗവർണർ പി സദാശിവം പതാക ഉയർത്തും. രാജ്ഭവനിൽ വൈകീട്ട് നടത്തുന്ന പതിവ് വിരുന്ന് പ്രളയത്തെ തുടർന്ന് ഇത്തവണ റദ്ദാക്കിയിട്ടുണ്ട്. വിവിധ സേനാവിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലും, ജീവൻ രക്ഷാ പതക്കും മാത്രമാവും മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യുക.

click me!