ഇന്ത്യൻ വ്യോമസേനയുടെ സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് പ്രധാനമന്ത്രി ദേശീയ പാതയിൽ നിർമ്മിച്ച റൺവേയിൽ ഇറങ്ങിയത്. ദേശീയ പാത 37ലായിരുന്നു എമർജൻസി ലാൻഡിംഗ് സൌകര്യമൊരുക്കിയത്.

ദിബ്രുഗഢ്:ദേശീയ പാതയിൽ നിർമ്മിച്ച പ്രത്യേക റൺവേയിൽ വ്യോമ സേനാ വിമാനത്തിൽ പ്രധാനമന്ത്രിയുടെ ചരിത്രപരമായ ലാൻഡിംഗ്. അസമിലെ ഏക ദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സി 130 ജെ വിമാനത്തിൽ ദേശീയ പാതയിലാണ് ലാൻഡ് ചെയ്തത്. അസമിലെ ദിബ്രുഗഢ് ജില്ലയിലുള്ള മോറാനിൽ പുതുതായി നിർമ്മിച്ച എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ ആയിരുന്നു പ്രധാനമന്ത്രി ശനിയാഴ്ച ചരിത്രപരമായ ലാൻഡിംഗ് നടത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് പ്രധാനമന്ത്രി ദേശീയ പാതയിൽ നിർമ്മിച്ച റൺവേയിൽ ഇറങ്ങിയത്. ദേശീയ പാത 37ലായിരുന്നു എമർജൻസി ലാൻഡിംഗ് സൌകര്യമൊരുക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

അസമിലെ മോറാനും ഡെമോവിനും ഇടയിലുള്ള ദേശീയ പാതയിലെ 4.2 കിലോമീറ്റർ നീളമുള്ള പ്രത്യേക ഭാഗത്താണ് ഈ എമർജൻസി ലാൻഡിംഗ് സ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്. നൂറ് കോടി രൂപ ചെലവിലാണ് സംവിധാനം ഒരുങ്ങിയത്.സൈനിക വിമാനങ്ങൾക്ക് പുറമേ യാത്രാ വിമാനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് എമർജൻസി ലാൻഡിംഗ് സൌകര്യം നിർമ്മിച്ചിട്ടുള്ളത്. 40 ടൺ ഭാരമുള്ള വിമാനങ്ങൾക്ക് ഇവിടെ ലാൻഡ് ചെയ്യാനും 74 ടൺ ഭാരമുള്ള വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനും സാധിക്കും. ഇന്ത്യയിൽ 2021ലാണ് രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് ആദ്യമായി എമർജൻസി ലാൻഡിംഗ് സൌകര്യം ഒരുങ്ങിയത്. വടക്കുകിഴക്കൻ ഇന്ത്യയിൽ ഒരു ദേശീയ പാതയിൽ ആദ്യമായാണ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്. ഒരു പ്രധാനമന്ത്രി വിമാനത്താവളത്തിന് പകരം ഹൈവേയിൽ ലാൻഡ് ചെയ്യുന്നത് ഇതാദ്യമായാണ്. ലാൻഡിംഗിന് ശേഷം പ്രധാനമന്ത്രി ഈ എമർജൻസി ലാൻഡിംഗ് സൗകര്യം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Scroll to load tweet…

രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ഈ സൗകര്യം വലിയ കരുത്തുപകരും. ഉദ്ഘാടനത്തിന്റെ ഭാഗമായി റാഫേൽ, സുഖോയ്-30 തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെട്ട വിപുലമായ വ്യോമാഭ്യാസ പ്രകടനവും സംഘടിപ്പിച്ചു. ഏകദേശം 16 വിമാനങ്ങൾ ഈ ചടങ്ങിൽ പങ്കെടുത്തു. ഏകദിന അസം സന്ദർശനത്തിന്റെ ഭാഗമായി ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള പുതിയ പാലത്തിന്റെ ഉദ്ഘാടനം, ഐ.ഐ.എം ഗുവാഹത്തിയുടെ താൽക്കാലിക കാമ്പസ് ഉദ്ഘാടനം തുടങ്ങിയ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുത്തു.ദേശീയ സുരക്ഷയ്ക്കും തന്ത്രപരമായ നീക്കങ്ങൾക്കും വടക്കുകിഴക്കൻ മേഖലയിൽ ഇത്തരം ഹൈവേ റൺവേകൾ നിർണ്ണായകമാണെന്ന് അധികൃതർ വ്യക്തമാക്കി. വ്യോമസേനയുടെ പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷമാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം