
ദില്ലി: എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് ദില്ലിയിലെ കർത്തവ്യപഥ് സാക്ഷ്യം വഹിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പ്രധാനമന്ത്രി ദില്ലിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. തുടർന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ ശക്തി വിളിച്ചോതി പരേഡ് നടക്കും. പിന്നാലെ സംസ്ഥാനങ്ങളുടെ ടാബ്ളോകളും മാർച്ച് പാസ്റ്റും നടക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ - സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ഉയര്‍ത്തും.
രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. മുഖ്യമന്ത്രി ചടങ്ങിൽ എത്താനാണ് സാധ്യത. ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ എന്തെല്ലാം പറയും എന്നതിനെ സംബന്ധിച്ച് ആകാംക്ഷയുണ്ട്. ജില്ലകളിൽ മന്ത്രിമാർ റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കും. നിയമസഭയിൽ രാവിലെ 9.30ന് സ്പീക്കർ എ.എൻ. ഷംസീർ പതാക ഉയർത്തും.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് 6 മണിക്കാണ് വിരുന്ന്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. നയപ്രഖ്യാപനം പ്രസംഗം ഗവർണർ വെട്ടിചുരുക്കിയതിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അറ്റ് ഹോമിന് സർക്കാർ 20 ലക്ഷം അനുവദിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam