
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിൽ റെക്കോർഡ് കൊവിഡ് വാക്സീനേഷൻ എന്ന ലക്ഷ്യം യഥാർത്ഥ്യമായി. കോവിൻ പോർട്ടലിലെ കണക്ക് അനുസരിച്ച് വൈള്ളിയാഴ്ച വൈകിട്ടോടെ 2.21 കോടി ആളുകൾ രാജ്യത്ത് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. ബിജെപി കേന്ദ്രനേതൃത്വത്തിൻ്റെ നിർദേശ പ്രകാരം ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങൾ മുൻകൈയ്യെടുത്താണ് റെക്കോർഡ് വാക്സിനേഷനുള്ള പ്രചാരണം തുടങ്ങിയത്. ഇന്ന് രാത്രിയോടെ രണ്ടരക്കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാനാണ് കേന്ദ്രആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.
ജൂൺ മാസത്തിൽ തങ്ങളുടെ 2.47 കോടി പൗരൻമാർക്ക് വാക്സീൻ നൽകിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേരെ വാക്സീൻ ചെയ്ത രാജ്യം. ഈ റെക്കോർഡ് ഇന്ന് രാത്രിയോടെ തകർക്കുകയാണ് കേന്ദ്രസർക്കാരിൻ്റെ ലക്ഷ്യം. ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഒരു മിനിറ്റിൽ 42,000 പേർക്കും സെക്കൻഡിൽ 700 പേർക്കും ഇന്ത്യയിൽ വാക്സീൻ നൽകിയെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. അടുത്ത വർഷമാദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം അതിവേഗം വാക്സീനേഷൻ പൂർത്തിയാക്കാനാണം സർക്കാരിൻ്റെ പദ്ധതി. ഈ സംസ്ഥാനങ്ങളിലെല്ലാം ഇന്ന് നല്ല രീതിയിൽ വാക്സീനേഷൻ പുരോഗമിക്കുകയാണ്.
റെക്കോർഡ് വാക്സിനേഷനിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. എല്ലാ ഇന്ത്യാക്കാർക്കും അഭിമാനമേകുന്നതാണ് വാക്സീനേഷനിലെ റെക്കോർഡ് ദിനമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ കൊവിഡ് മുന്നണിപ്പോരാളികൾ അടക്കം ഈ നേട്ടത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് അഭിനന്ദനമറിയിച്ച പ്രധാനമന്ത്രി, കൊവിഡിനെ തോൽപ്പിക്കാൻ നമുക്ക് പ്രതിരോധ കുത്തിവയ്പ്പ് തുടരാമെന്നും ആഹ്വാനം ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam