
മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ അനധികൃതമായി പലരും മൂന്നാം ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, അവരുടെ അടുപ്പക്കാര്‍ എന്നിവരാണ് ഇങ്ങനെ അനധികൃതമായി മൂന്നാം ഡോസ് സ്വീകരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഈ മൂന്നാം ഡോസ് വിതരണം എന്നാണ് റിപ്പോര്‍ട്ട്.
കൊവിന്‍ പോര്‍ട്ടലില്‍ റജിസ്ട്രര്‍ ചെയ്യാതെയും, ഫോണ്‍ നമ്പര്‍ മാറ്റിയും ഒക്കെയാണ് ഇവര്‍ വാക്സിന്‍ സ്വീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പലരും ശരീരത്തിലെ ആന്‍റി ബോഡി നില പരിശോധിച്ച ശേഷമാണ് വാക്സിന്‍ മൂന്നാം ഡോസ് എടുക്കുന്നത് എന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതിനകം കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയ പല രാജ്യങ്ങളും മൂന്നാം ഡോസ് അഥവ 'ബൂസ്റ്റര്‍ ഡോസ്' നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഇന്ത്യയിലെ വാക്സിനേഷന്‍ പദ്ധതിയില്‍ ഇതുവരെ മൂന്നാം ഡോസ് എന്നത് തീരുമാനമായിട്ടില്ല. മാത്രവുമല്ല ഒന്നാം ഡോസ് നല്‍കുന്നത് തന്നെ രാജ്യത്ത് പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ രഹസ്യമായി മൂന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നത് തന്നെ അനധികൃതമാണ്. അതേ സമയം ആരോഗ്യ രംഗത്ത് ബൂസ്റ്റര്‍ ഡോസ് വേണോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. മൂന്നാം ഡോസ് സംബന്ധിച്ച് വിരുദ്ധ അഭിപ്രായങ്ങള്‍ ആരോഗ്യ വിദഗ്ധരില്‍ തന്നെയുണ്ട്.
അതേ സമയം വാക്സിന്‍ എടുത്തതിന് ശേഷം അഞ്ചോ ആറോ മാസത്തിന് ശേഷം അത് ശരീരത്തില്‍ ഉണ്ടാക്കുന്ന ആന്‍റിബോഡി കുറയുന്നതായി ചില വിദഗ്ധര്‍ തന്നെ പറയുന്നുണ്ട്. ഭുവനേശ്വറിലെ ലൈഫ് സയന്‍സ് ഇന്‍സ്റ്റ്യൂട്ടില്‍ ഇത് സംബന്ധിച്ച ക്ലിനിക്കല്‍ പഠനം അവസാനഘട്ടത്തിലാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്രധാന വാക്സിനുകളായ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയുടെ ഫലപ്രാപ്തി 70 മുതല്‍ 80 ശതമാനം വരെ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam