
ദില്ലി: അതിർത്തിയിൽ സേന പിൻമാറ്റത്തിന് ചൈന മുന്നോട്ടുവച്ച ഉപാധികൾ തള്ളി ഇന്ത്യ. ചുഷുൽ മലനിരകളിൽ ഇന്ത്യ എത്തിച്ച ആയുധങ്ങൾ ആദ്യം പിൻവലിക്കണമെന്ന നിർദ്ദേശമാണ് തള്ളിയത്. ഇതിനിടെ യുദ്ധകപ്പലുകൾ തകർക്കാനുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് നാവികസേന വ്യക്തമാക്കി.
ശത്രുവിൻറെ കപ്പലുകൾ തുറക്കാൻ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. നാവികസേനയുടെ ചെറിയ യുദ്ധകപ്പലിൽ നിന്ന് പറന്ന മിസൈൽ ലക്ഷ്യം കൃത്യമായി കണ്ടു. യുദ്ധടാങ്കുകൾ തകർക്കാൻ ശേഷിയുള്ള നാഗ് മിസൈലിൻറെ വിജയകരമായ പരീക്ഷണത്തിനു പിന്നാലെയാണിത്.
അതിർത്തിയിൽ സംഘർഷാവസ്ഥയ്ക്ക് മാറ്റമില്ലാത്തപ്പോഴാണ് സേനകൾ ഈ തയ്യാറെടുപ്പുകൾ തുടരുന്നത്. നിയന്ത്രണരേഖയ്ക്കടുത്തുള്ള മലനിരകളിലേക്ക് കയറിയ ഇന്ത്യൻ സേന വലിയ തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും ഇവിടെ എത്തിച്ചിരുന്നു. ആദ്യം ഈ ആയുധങ്ങൾ പിൻവലിക്കുക എന്ന ചൈനീസ് നിർദ്ദേശം തള്ളിയാണ് സമ്പൂർണ്ണ പിൻമാറ്റം എന്ന ആവശ്യം ഇന്ത്യ മുന്നോട്ടു വച്ചത്.
ആയുധങ്ങൾ പിൻവലിച്ച ശേഷം അതിർത്തിയിലേക്ക് ഇന്ത്യയെക്കാൾ വേഗത്തിൽ തിരിച്ച് എത്തിക്കാനുള്ള സംവിധാനം രഹസ്യമായി ചൈന ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമഗ്രപിൻമാറ്റം മാത്രമേ സാധ്യമുള്ളു എന്ന നിലപാട് ഇന്ത്യ സ്വീകരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam