
ദില്ലി: അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ചർച്ച തുടരാൻ തീരുമാനമായി. നാളെ കമാൻഡർമാർക്കിടയിലെ മൂന്നാമത്തെ യോഗം അതിർത്തിയിൽ നടക്കും.
ഇന്ത്യക്കും ചൈനയ്ക്കും ഇടയിലെ വാക്ക് പോരിന് രണ്ടു ദിവസമായി ശമനമുണ്ട്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യഓഫീസുകൾ രണ്ടു ദിവസമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷി ചർച്ച വീണ്ടും തുടങ്ങാൻ തീരുമാനമായി എന്ന സൂചനകൾ പുറത്തുവരുന്നത്. സേനാ തലത്തിലുള്ള ചർച്ചകളാണ് ഇതുവരെ നടന്നത്. തല്ക്കാലം ഇത് നിറുത്തിവയ്ക്കും.
നയതന്ത്ര ചർച്ചകൾ തുടരാനാണ് ധാരണ. അതിർത്തി തർക്കം തീർക്കാനുള്ള ജോയിൻറ് സെക്രട്ടറി തല ചർച്ച അടുത്തയാഴ്ച ആദ്യം നടക്കും. ചർച്ചകൾ തുടരുന്നത് ദൗർബല്യം ആയി കാണേണ്ടതില്ല എന്ന സന്ദേശവും ഇന്ത്യ നല്കുന്നു. അതിർത്തിയിലെ ജാഗ്രത കൂട്ടും. സേനകൾക്ക് കൂടുതൽ സന്നാഹം എത്തിക്കും. ചൈനയെ എതിർക്കുന്ന ജപ്പാൻ ഉൾപ്പടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ സംയുക്ത സൈനിക അഭ്യാസം തുടരും. അതിർത്തിയിൽ കരസേനയ്ക്കും വ്യോമസേനയ്ക്കും പുറമെ സമുദ്രമേഖലകളിൽ നാവികസേനയും അതീവ ജാഗ്രത തുടരുകയാണ്.
അതേസമയം, അതിർത്തി തർക്കത്തിൽ കോൺഗ്രസ് നിലപാടിനെതള്ളി കൂടുതൽ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നു. എൻസിപിയുടെ ശരദ് പവാറിനു പിന്നാലെ ബിഎസ്പിയുടെ മായാവതിയും ഈ നിലപാട് തള്ളി. മുന്‍പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവും കോണ്‍ഗ്രസുമാണ് ഇന്ത്യ-ചൈന പ്രശ്നങ്ങളുടെ ഉത്തരവാദിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
സോണിയ ഗാന്ധി നേതൃത്വം നല്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന് സ്വീകരിച്ച സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍, ഇത്തരം സംഭാവന സ്വീകരിച്ചതിലൂടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നമ്മുടെ സൈന്യത്തെയാണ് ധാര്‍മ്മികമായി തളര്‍ത്തിയത് എന്ന് ശിവരാജ് സിംഗ് ചൗഹാൻ കുറ്റപ്പെടുത്തി.
ഈ ആരോപണത്തില്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ ഒരാള്‍ പോലും ഒരിക്കലും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ റോഡ് നിര്‍മിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. എന്തുകൊണ്ടാണ് ചൈനയ്ക്ക് ഇപ്പോള്‍ മോഹഭംഗം ഉണ്ടായത്? മോദി സര്‍ക്കാര്‍ അതിര്‍ത്തികളില്‍ റോഡുകള്‍ നിര്‍മിച്ചുവെന്നതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈന പ്രശ്നത്തിനു കാരണം കോണ്‍ഗ്രസാണ്. ഇതിന് മോദി സ്ഥായിയായ പരിഹാരം കാണുമെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.