ഗോഗ്ര ഹോട്ട് സ്പ്രിംഗ്സിലെ ഒരു പോയന്‍റിൽ ഒന്നര കിലോമീറ്റർ വീതം പിൻമാറാൻ ഇന്ത്യയും ചൈനയും

Published : Aug 04, 2021, 09:53 AM IST
ഗോഗ്ര ഹോട്ട് സ്പ്രിംഗ്സിലെ ഒരു പോയന്‍റിൽ ഒന്നര കിലോമീറ്റർ വീതം പിൻമാറാൻ ഇന്ത്യയും ചൈനയും

Synopsis

ചൈനീസ് സർക്കാരിന്‍റെ രാഷ്ട്രീയാനുമതിക്കായി കാത്തിരിക്കുകയാണ് നിലവിൽ ഇരു സൈന്യങ്ങളും. ഇന്ത്യ - ചൈന സൈനികകമാൻഡർ തല ചർച്ചയിലാണ് രണ്ട് ട്രൂപ്പുകളും പിൻമാറാനുള്ള ധാരണയായത്. 

ദില്ലി: കിഴക്കൻ ലഡാക്കിലെ ഗോഗ്ര ഹോട്ട് സ്പ്രിംഗ്സ് മേഖലയിലെ ഒരു നിർണായക പട്രോളിംഗ് പോയന്‍റിൽ നിന്ന് സൈനിക ട്രൂപ്പുകളെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും. ഗോഗ്ര ഹോട്ട് സ്പ്രിംഗ്സിലെ ഒരു പോയന്‍റിൽ നിന്നാണ് ഒന്നര കിലോമീറ്റർ വീതം വിട്ട് ഇരുസൈന്യങ്ങളും പിൻമാറാൻ തീരുമാനിച്ചിട്ടുള്ളത്. പന്ത്രണ്ടാം തവണ ചേർന്ന ഇന്ത്യ - ചൈന സൈനികകമാൻഡർ തല ചർച്ചയിലാണ് രണ്ട് ട്രൂപ്പുകളും പിൻമാറാനുള്ള ധാരണയായത്. 

ഗോഗ്ര പോസ്റ്റ് എന്ന് കൂടി അറിയപ്പെടുന്ന പിപി17എ എന്ന പോയന്‍റിൽ നിന്നാണ് ഇരുട്രൂപ്പുകളും പിൻമാറുക. 15 മാസമായി നീണ്ടു നിൽക്കുന്ന ഇന്ത്യ - ചൈന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിൽ നിർണായകമാണ് ഈ ചുവടുവയ്പ്പെന്ന് വിദേശകാര്യവിദഗ്ധർ വിലയിരുത്തുന്നു. 

എന്നാൽ ഹോട്ട് സ്പ്രിംഗ്സ് മേഖലയിലൊട്ടാകെ സൈനിക പിൻമാറ്റം നടത്താൻ ഇതുവരെ ചൈന തയ്യാറായിട്ടില്ലെന്നാണ് സൂചന. പിപി15 എന്ന നിർണായക പോസ്റ്റിൽ നിന്ന് ചൈന ഇതുവരെ പിൻമാറിയിട്ടില്ല. 

എങ്ങനെ സൈനിക പിൻമാറ്റം നടത്തണം, ഏത് തരത്തിൽ ട്രൂപ്പുകൾ പിൻമാറി എവിടേയ്ക്ക് നീങ്ങണം എന്നതടക്കമുള്ള വിവരങ്ങൾ ഇപ്പോഴും ചർച്ചയിലാണ്. രണ്ട് ദിവസത്തിനകം സൈനിക പിൻമാറ്റം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 

നേരത്തേ നടന്ന ചർച്ചയിൽ അതിർത്തിയിൽ സൈനികബലം കൂട്ടേണ്ടതില്ലെന്ന് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തിയിരുന്നു. ദെസ്പാംഗ് സമതല മേഖലയിലെ പട്രോളിംഗ് പുനസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.  10,11,12,13 എന്നീ പോയിന്‍റുകളിലേക്കുള്ള ഇന്ത്യയുടെ പട്രോളിംഗ് ചൈന തടഞ്ഞിരിക്കുകയാണ്. സൈനിക പിന്മാറ്റത്തില്‍ കൂടുതല്‍ സമന്വയ നീക്കങ്ങളിലേക്ക് കടക്കുന്നതിന്‍റെ സൂചനയായി, യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സൈനിക ബലം കൂട്ടേണ്ടതില്ലെന്ന ഇരു രാജ്യങ്ങളുടെയും തീരുമാനം. പ്രകോപനപരമായ സാഹചര്യം പരമാവധി ഒഴിവാക്കാനും ധാരണയായിരുന്നു. പതിനൊന്നാം വട്ടം നടന്ന, നിര്‍ണ്ണായകമായ ആ ചര്‍ച്ചയില്‍ മലയാളിയായ ലഫ്റ്റനന്‍റ് ജനറല്‍ പിജികെ മേനോനാണ് ഇന്ത്യയെ നയിച്ചത്. നയതന്ത്ര പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്