ലഡാക്ക്, കശ്മീർ സന്ദർശനത്തിന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്, സ്ഥിതി വിലയിരുത്തും

By Web TeamFirst Published Jul 15, 2020, 3:30 PM IST
Highlights

റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് എത്തിക്കേണ്ടിയിരുന്ന മിഗ് വിമാനങ്ങൾ അടക്കമുള്ളവയുടെ ഉപകരണങ്ങൾ കൊവിഡ് പ്രതിസന്ധി മൂലം എത്താൻ വൈകിയിരുന്നു. കപ്പലുകൾ വഴി ഇവ എത്തിക്കാനായിരുന്നു ധാരണ. റഷ്യൻ ഉപപ്രധാനമന്ത്രിയുമായി ഇക്കാര്യത്തിൽ രാജ്നാഥ് സിംഗ് ചർച്ച നടത്തിയിരുന്നു. 

ദില്ലി: ഇന്ത്യ - ചൈന കമാൻഡർ തല ചർച്ച കിഴക്കൻ ലഡാക്കിൽ നാലാം വട്ടവും പൂർത്തിയായതിന് പിന്നാലെ ലഡാക്കും ജമ്മു കശ്മീരും സന്ദർശിക്കാൻ ഒരുങ്ങി പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്. ജൂലൈ 17, 18 തീയതികളിലാകും രാജ്‍നാഥ് സിംഗിന്‍റെ ലഡാക്ക്, ജമ്മു കശ്മീർ സന്ദർശനം. കരസേനാമേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയും രാജ്നാഥ് സിംഗിനൊപ്പം ലഡാക്കിലെത്തും. നിയന്ത്രണരേഖയ്ക്കടുത്തുള്ള പ്രദേശങ്ങളും രാജ്നാഥ് സിംഗ് സന്ദർശിക്കുന്നുണ്ട്. 

അതോടൊപ്പം, ഇന്ത്യ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനായി ഉണ്ടാക്കിയിരിക്കുന്ന കരാറുകളിൽ ചർച്ച നടത്താൻ പ്രത്യേക പ്രതിരോധ ഉന്നതതലയോഗവും രാജ്നാഥ് സിംഗ് വിളിച്ചുചേർക്കുന്നുണ്ട്. പ്രതിരോധമന്ത്രിക്ക് പുറമേ, സർവസേനാമേധാവി ജനറൽ ബിപിൻ റാവത്തും, മൂന്ന് സേനാമേധാവിമാരും യോഗത്തിൽ പങ്കെടുക്കും. 

വിവിധ പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും പെട്ടെന്ന് വാങ്ങാനുള്ള നടപടിക്രമങ്ങൾ തീരുമാനിക്കാനും വിവിധ ഇടപാടുകളുടെ പുരോഗതി വിലയിരുത്താനുമാണ് യോഗം. റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കാനുള്ള പ്രതിരോധ ഉപകരണങ്ങളുടെ വിതരണം മുടങ്ങിയ സാഹചര്യമുണ്ട്. 

വ്യോമസേനയുടെ Su-30MKI, MiG-29 എന്നീ യുദ്ധവിമാനങ്ങളുടെ ചില ഉപകരണങ്ങളും, നാവികസേനയുടെ MiG29K യുദ്ധവിമാനങ്ങളും അടക്കം റഷ്യയിൽ നിന്ന് എത്തിക്കാനുണ്ട്. കൊവിഡ് പ്രതിസന്ധി മൂലമാണ് ഇവ എത്തിക്കാൻ വൈകിയത്. കപ്പലുകൾ വഴി ഇവ എത്തിക്കാനായിരുന്നു ധാരണ. ഇത് പെട്ടെന്ന് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ റഷ്യൻ ഉപപ്രധാനമന്ത്രി യുറി ഇവാനോവിച്ച് ബോറിസോവുമായി രാജ്നാഥ് സിംഗ് ചർച്ച നടത്തിയിരുന്നു. 

click me!