
ദില്ലി: പാകിസ്ഥാനിൽ നിന്നുള്ള യാത്രാ - സൈനിക വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി. പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തതും, പാകിസ്ഥാനിൽ പ്രവർത്തിക്കുന്നതും പാകിസ്ഥാനിൽ ഉടമകളുള്ളതും പാകിസ്ഥാൻ വിമാനക്കമ്പനികൾ ലീസിനെടുത്തതുമായ വിമാനങ്ങൾക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങൾക്കും നിരോധനമുണ്ട്. എന്നാൽ പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല.
ഇന്നും ഇന്നലെയുമായി നടന്ന നിര്‍ണ്ണായ യോഗങ്ങള്‍ക്ക് പിന്നാലെ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിലെത്തി കണ്ടു. വിദേശകാര്യ മന്ത്രിയുമൊത്താണ് മോദിയെ കണ്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ജലശക്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച സൗദി, സംഘര്‍ഷം ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു.
സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് വ്യോമമേഖലയും അടച്ചത്. സാമ്പത്തിക ഉപരോധം ശക്തമാക്കാനും ആലോചിക്കുന്നുണ്ട്. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം വിവിധ മന്ത്രാലയ സെക്രട്ടറിമാരുമായും മോദി കൂടിക്കാഴ്ച നടത്തി. തിരിച്ചടിക്കാന്‍ സാഹചര്യവും സമയവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതോടെ വിശദമായ പദ്ധതി സൈന്യം പ്രധാനമന്ത്രിക്ക് നല്‍കും. തത്കാലം തുറന്ന യുദ്ധത്തിന് പകരം പാകിസ്ഥാന് കനത്ത പ്രഹരം നൽകുന്ന കാര്യമാണ് ആലോചനയിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam