രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു; 1038 രോഗികൾ മരിച്ചു

By Web TeamFirst Published Apr 15, 2021, 9:38 AM IST
Highlights

ആറ് മാസത്തിന് ശേഷം ഇന്നലെയാണ് ആയിരം പേർ മരിച്ചത്. ഇന്നും ആയിരം പേർ മരിച്ചതോടെ ആശങ്ക വലിയ തോതിൽ ഉയർന്നു

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 200739 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1038 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനനിരക്ക് ഇന്നലെ 1.84 ലക്ഷത്തിലധികമായിരുന്നു. തുടർച്ചയായ ഒരാഴ്ച്ച ഒന്നര ലക്ഷത്തിലേറെയാണ് രോഗബാധിതരുടെ എണ്ണം. പ്രതിദിന മരണ നിരക്ക് ഇന്നലെ ആയിരം പിന്നിട്ടിരുന്നു. രോഗബാധ നിരക്ക് ഈയാഴ്ച രൂക്ഷമാകാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി.

ആറ് മാസത്തിന് ശേഷം ഇന്നലെയാണ് ആയിരം പേർ മരിച്ചത്. ഇന്നും ആയിരം പേർ മരിച്ചതോടെ ആശങ്ക വലിയ തോതിൽ ഉയർന്നു. ആറ് സംസ്ഥാനങ്ങളിൽ വ്യാപനം അതിതീവ്രമാണ്. ജനിതക വ്യതിയാനം ഇപ്പോഴത്തെ വ്യാപനത്തിന് കാരണമല്ലെന്നായിരുന്നു ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞത്. എന്നാൽ രണ്ട് തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. രണ്ടാം തരംഗത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്. ഗുരുതരമായ സാഹചര്യത്തിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്.

click me!