
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 209918 പേർക്ക്. 959 മരണങ്ങൾ സംഭവിച്ചു. 2,62,628 പേർ കൊവിഡ് മുക്തരായി. ഇതോടെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 1831268 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്. 1660396227 ഡോസ് വാക്സീനേഷൻ ഇതുവരെ പൂർത്തിയാക്കി.
അതേസമയം മൂന്നാം തരംഗത്തിൽ ആദ്യമായി പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് കുറഞ്ഞു. എന്നാൽ മരണസംഖ്യ ഉയരുക തന്നെയാണ്. മരണസംഖ്യ 41 ശതമാനമാണ് ഉയർന്നത്. പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം 19 ശതമാനത്തോളം കുറഞ്ഞു. ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിൽ 17.5 ലക്ഷം പേരാണ് കൊവിഡ് ബാധിതരായത്.
രാജ്യത്ത് കൊവിഡ് വ്യാപനം മൂന്നാം തരംഗത്തിൽ അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്നാണ് കരുതുന്നത്. എന്നാൽ കേരളമടക്കം പല സംസ്ഥാനങ്ങളിലും കേസുകൾ ഉയർന്നുതന്നെ നിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച പരിശോധനകളുടെ എണ്ണത്തിൽ 10 ശതമാനത്തോളം കുറവുണ്ടായിരുന്നു. അതേസമയം ഇന്നലെ വരെയുള്ള ആഴ്ചയിൽ ടിപിആർ 15.68 ശതമാനം ഇടിഞ്ഞു. തൊട്ടുമുൻപത്തെ ആഴ്ചയിൽ 17.28 ശതമാനം ടിപിആർ ഇടിഞ്ഞിരുന്നു.
ജനുവരി 17 മുതൽ 23 വരെയുള്ള ആഴ്ചയിൽ രാജ്യത്തെ 21.7 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നാം തരംഗത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്. വരും ദിവസങ്ങളിലും രാജ്യത്തെ കൊവിഡ് കേസുകൾ കുറഞ്ഞാൽ അത് വളരെയേറെ ആശ്വാസകരമാകും. ജനുവരി 24 നും 30നുമിടയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3770 ആണ്. ജനുവരി 17 നും 23 നുമിടയിൽ മരിച്ചവരുടെ എണ്ണം 2680 ആണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam