മഹാരാഷ്ട്രയിൽ പ്രതിദിന വർധന പതിനായിരത്തിലേക്ക്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആശങ്ക വർധിക്കുന്നു

By Web TeamFirst Published Jul 19, 2020, 10:04 PM IST
Highlights

മഹാരാഷ്ട്രയിൽ പതിനായിരത്തോളം പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ആന്ധ്രയിലും തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും സ്ഥിതി സങ്കീർണ്ണമാവുകയാണ്

ദില്ലി: രാജ്യത്തെമ്പാടും കൊവിഡ് കണക്കുകളിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാകെ രോഗബാധിതരുടെ എണ്ണം നാൾക്കുനാൾ കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ പതിനായിരത്തോളം പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ആന്ധ്രയിലും തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും സ്ഥിതി സങ്കീർണ്ണമാവുകയാണ്.

മഹാരാഷ്ട്രയിൽ 9518 പേരാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 258 പേരുടെ മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. 3906 പേർ കൊവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. മുംബൈയിൽ 1046 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ധാരാവി മേഖലയിൽ 36 പേർക്കാണ് ഇന്ന് കൊവിഡ് കണ്ടെത്തിയത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,10,455 ആണ്. 1,69,569 പേർ രോഗമുക്തി നേടി. 11,854 പേർ മരിച്ചു. ഇന്ന് മരിച്ചവരിൽ 64 പേർ മുംബൈയിലാണ്. ഇവിടെ മാത്രം 5711 പേരാണ് ഇതുവരെ മരിച്ചത്. 

ആന്ധ്ര പ്രദേശിൽ ഇന്ന് 5041 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 56 പേർ ഇന്ന് മരിച്ചു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 26,118 ആയി. ആകെ മരണം 642. ആകെ രോഗബാധിതർ 49650. തമിഴ്നാട്ടിൽ 4979 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 170693. ചെന്നൈയിൽ രോഗ ബാധിതർ 85000 കടന്നു. കോയമ്പത്തൂർ , കന്യാകുമാരി, തേനി, തെങ്കാശി അതിർത്തി ജില്ലകളിൽ വൻ വർധന രേഖപ്പെടുത്തി.

കർണാടകയിൽ ഇന്ന് 4120 പേർക്ക് രോഗം സ്ഥിരീകരിച്ചു. 91 മരണം റിപ്പോർട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 39370 ആയി. ബെംഗളുരുവിൽ മാത്രം 2156 പേർക്ക് രോഗം കണ്ടെത്തി. ഇവിടെ മാത്രം 36 മരണമാണ് ഇന്നുണ്ടായത്. സംസ്ഥാനത്ത് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 63772. നിലവിൽ 36.1% ആണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

രാജസ്ഥാനിൽ 934 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്ന് രാത്രി എട്ടര വരെയുള്ള കണക്കാണിത്. ആകെ രോഗികളുടെ എണ്ണം 29434 ആയി. 7145 പേർ ചികിത്സയിലുണ്ട്. ആറ് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 559 ആയി. പശ്ചിമ ബംഗാളിൽ 2278 പേർക്ക് കൂടി രോഗം കണ്ടെത്തി. ആകെ രോഗികളുടെ എണ്ണം 42487 ആയി. ആകെ മരണസംഖ്യ 1112 ലെത്തി. 36 പേരാണ് ഇന്ന് മാത്രം മരിച്ചത്.

ഗുജറാത്തിൽ 965 പേർക്കാണ് കൊവിഡ് പുതുതായി കണ്ടെത്തിയത്. 20 പേർ കൂടി ഇന്ന് രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതർ 48441 ആണ്. 11442 പേർ ചികിത്സയിലുണ്ട്. 34882 പേർ രോഗമുക്തരായി. 2147 പേരാണ് ഇതുവരെ മരിച്ചത്. 837 പേർക്കാണ് മധ്യപ്രദേശിൽ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 22600. രോഗമുക്തി നേടിയത് 15311 പേർ. ആകെ മരണം 721.

മണിപ്പൂരിൽ 24 മണിക്കൂറിനിടെ 20 പേർക്ക് കൂടി കൊവിഡ് കണ്ടെത്തി. ആകെ രോഗികളുടെ എണ്ണം 1911 ലേക്കെത്തി. 676 പേർ ചികിത്സയിലുണ്ട്. 1235 പേർ രോഗമുക്തി നേടി. ഉത്തരാഖണ്ഡിൽ 239 പേർക്കാണ് പുതുതായി കൊവിഡ്. ആകെ രോഗികളുടെ എണ്ണം 4515 ആണ്. 1311 പേരാണ് ചികിത്സയിലുള്ളത്. പഞ്ചാബിൽ 310 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 10100 ലെത്തി. 3311 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. മരണം 254. എട്ട് പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.

ഛത്തീസ്‌ഗഡിൽ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 717 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് കണ്ടെത്തിയത്. 217 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 488 പേർ ഇതുവരെ രോഗമുക്തി നേടി. ഹിമാചൽ പ്രദേശിൽ 420 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ബിഹാറിൽ 1412 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ദില്ലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 1211 പേർക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,22,793 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 കൊവിഡ് ബാധിതർ കൂടി മരിച്ചു. ആകെ മരണസംഖ്യ 3628 ആയി. 16,031 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ നിരക്ക് 83.99 ശതമാനമായി ഉയർന്നു. രോഗം ബാധിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതൽ പേർക്ക് ഒരു ദിവസം രോഗം ഭേദമാകുന്നുണ്ട്.

click me!