രാജ്യം സെമി ലോക്ക് ഡൗണിലേക്ക്: ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ

By Web TeamFirst Published Apr 19, 2021, 6:45 PM IST
Highlights

കൂടുതൽ സംസ്ഥാനങ്ങൾ വാരാന്ത്യ ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളും നടപ്പാക്കി വരികയാണ്. അതേസമയം രാജ്യവ്യാപകമായി ഇനിയൊരു ലോക്ക് ഡൗൺ ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാ‍ർ വ്യക്തമാക്കി.

ദില്ലി: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ദില്ലിയിൽ ആറ് ദിന ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക് തിരിയുന്നത്. കൊവിഡ് കേസുകൾ വ‍ർധിച്ചതിനെ തുട‍ർന്ന് തമിഴ്നാട് അടക്കം പല സംസ്ഥാനങ്ങളും ഇതിനോടകം നൈറ്റ് ക‍ർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. 

കൂടുതൽ സംസ്ഥാനങ്ങൾ വാരാന്ത്യ ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളും നടപ്പാക്കി വരികയാണ്. അതേസമയം രാജ്യവ്യാപകമായി ഇനിയൊരു ലോക്ക് ഡൗൺ ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാ‍ർ വ്യക്തമാക്കി. എന്നാൽ പ്രാദേശികമായ സാഹചര്യം പരി​ഗണിച്ച് സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാമെന്നും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 

അടുത്ത തിങ്കളാഴ്ച്ച വരെ ദില്ലിയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇന്ന് അറിയിച്ചത്. 
അവശ്യസർവീസുകൾക്ക് മാത്രമാണ് ലോക്ക് ഡൗണിലും പ്രവ‍ർത്തിക്കാൻ അനുവാദമുള്ളത്. ദില്ലിയിലെ ആരോഗ്യരംഗം തകരാതെയിരിക്കാനാണ് ഈ നടപടിയെന്നും ജനങ്ങൾ പൂ‍ർണ്ണമായി ഇതിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 

രാജസ്ഥാനിൽ മെയ് 3 വരെ സമ്പൂർണ്ണ ലോക് ഡൗൺ നടപ്പാക്കുകയാണെന്ന് സ‍ർക്കാർ ഇന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്തേക്ക് പുറത്തു നിന്നും വരുന്നവർക്കെല്ലാം കൊവിഡ് നെ​ഗറ്റീവ് സ‍ർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യുപിയിൽ 5 നഗരങ്ങളിൽ ലോക് ഡൗൺ നടപ്പാക്കാൻ അലഹബാദ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. 

അതേസമയം കൊവിഡിന്‍റെ തീവ്രവ്യാപനത്തിന് കാരണക്കാരനായ  നരേന്ദ്രമോദി രാജിവെക്കണെന്ന് മമത ബാനര്‍ജി ബം​ഗാളിലെ തെരഞ്ഞെ‌ടുപ്പ് പ്രചാരണത്തിനിടെ ആവശ്യപ്പെട്ടു. ബംഗാളിലെ മൂന്ന് ഘട്ട തെരഞ്ഞെടുപ്പും  ഒറ്റഘട്ടമായി നടത്തണമെന്ന്  കൂപ്പുകൈകളോടെ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മമത റാലിയില്‍ പറഞ്ഞു. 

എന്നാല്‍ കൊവിഡിനെ കുറിച്ച് ധാരാളം പറയുന്ന മമത എന്തു കൊണ്ട് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് റാലി രാഹുല്‍ഗാന്ധി റദ്ദാക്കിയത് കപ്പല്‍ മുങ്ങുന്നത് കണ്ടാണെന്നും ബിജെപി പരിഹസിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത കൊല്‍ക്കത്തയില്‍ റാലികള്‍ നടത്തേണ്ടെന്നും മറ്റിടങ്ങളിലെ റാലികളില്‍ 30 മിനിറ്റ് മാത്രമേ മമത പങ്കെടുക്കൂവെന്നും ടിഎംസി അറിയിച്ചിട്ടുണ്ട്. വൈകാതെ നടക്കുന്ന പ്രധാനമന്ത്രിയുടെ നാല് റാലികള്‍ പലദിവസം നടത്താതെ ഒരു ദിവസം ആക്കാനുള്ള ആലോചനകള്‍ ബിജെപിയില്‍ നടക്കുന്നുണ്ട്. 

ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയില്‍ ഒരു തരത്തിലുള്ള പ്രചാരണവും നടത്തേണ്ടെന്ന് ബിജെഡി തീരുമാനിച്ചു. പ്രചാരണത്തിന്‍റെ ദൈര്‍ഘ്യവും രീതിയും സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും പുനരാലോചിക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു

click me!