കൊച്ചിയിലെ മാലിന്യ(അഴിമതി)പുക, കർണാടകയിലെ വാർ റൂമുകൾ, രാജസ്ഥാനിലെ രാജ-റാണി യുദ്ധം, ഉത്തരമില്ലാതെ ​ഗെലോട്ട്  

Published : Mar 12, 2023, 01:21 PM ISTUpdated : Mar 12, 2023, 03:03 PM IST
കൊച്ചിയിലെ മാലിന്യ(അഴിമതി)പുക, കർണാടകയിലെ വാർ റൂമുകൾ, രാജസ്ഥാനിലെ രാജ-റാണി യുദ്ധം, ഉത്തരമില്ലാതെ ​ഗെലോട്ട്  

Synopsis

കർണാടകയിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുന്ന തന്ത്രങ്ങൾ മെനയാൻ സുനിലിന്റെ നേതൃത്വത്തിൽ 200 പേരുടെ സംഘത്തെയാണ് നിയോ​ഗിച്ചിരിക്കുന്നത്. നല്ല നിലയിലാണ് ഇവരുടെ പ്രചരണമെന്ന് എതിരാളികൾ പോലും സമ്മതിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ബ്രഹ്മപുരത്തുനിന്ന് വിഷപ്പുക മാത്രമല്ല, അഴിമതി പുകയും ഉയരുന്നു...

കേരളത്തിലെ രാഷ്ട്രീയം അക്ഷരാർഥത്തിൽ പുകയുകയാണെന്നതാൻ് വസ്തുത. കേരളത്തിന്റെ വാണിജ്യന​ഗരമായ കൊച്ചിയിലെ  ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നുള്ള കനത്ത പുകയിൽ നിന്ന്, വിഷവായു മാത്രമല്ല, അഴിമതിയുടെ ദുർഗന്ധവും വമിക്കുന്നു. കഴിഞ്ഞ 11 ദിവസമായി ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. തീയണക്കാനുള്ള ശ്രമം തുടരുമ്പോഴും തീപിടിക്കാനുള്ള കാര്യകാരണങ്ങളെക്കുറിച്ച് കീറിമുറിച്ച ചർച്ചയും വിശകലനവും ആരോപണവും പ്രത്യാരോപണവും നടക്കുന്നു. ബ്രഹ്മപുരത്ത് പ്ലാന്റിലെ മാലിന്യ സംസ്കാരണത്തിന് കരാർ നൽകിയ കമ്പനി ഉപകരാർ നൽകിയ സ്ഥാപനത്തിന് ഇടതുപാർട്ടിയുമായി അടുത്ത ബന്ധമുണ്ടെന്നും കൈയയഞ്ഞ സഹായം ലഭിക്കുന്നുണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഭരണകക്ഷിയായ സിപിഎമ്മുമായുള്ള കമ്പനിയുടെ ബന്ധം ഓരോ ദിവസവും തുറന്നുകാട്ടപ്പെടുന്നുണ്ട്. കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ ഒരു ഉന്നത സിപിഎം നേതാവിന്റെ അടുത്ത ബന്ധുവാണെന്നും പറയുന്നു. ഉപകരാർ നേടിയ സ്ഥാപനത്തിന് എറണാകുളം ജില്ലയിലെ പ്രമുഖ നേതാവുമായി ബന്ധമുണ്ട്. മാലിന്യപുക മാത്രമല്ല, അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മാലിന്യപ്പുഴുക്കൾ കൂടിയാണ് ബ്രഹ്മപുരത്ത് നിന്ന് അരിച്ചിറങ്ങുന്നത്. 

കർണാടകയിൽ വാർ റൂമുകൾ തുറക്കുന്നു, തെരഞ്ഞെടുപ്പ് തന്ത്രജ്ഞർക്ക് ഉറക്കമില്ലാക്കാലം

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കൾക്ക് മാത്മല്ല, തെരഞ്ഞെടുപ്പ് തന്ത്രജ്ഞർക്കും രക്ത സമ്മർദ്ദം വർധിക്കും. അങ്ങനെയാണ് ഒരുക്കങ്ങൾ നടക്കുന്നത്. ഇക്കാര്യത്തിൽ ഇത്തവണ കോൺ​ഗ്രസിനായി രം​ഗത്തിറങ്ങിയ, പ്രശാന്ത് കിഷോറിനൊപ്പം നേരത്തെ പ്രവർത്തിച്ചിരുന്ന സുനിൽ കനുഗോലുവാണ് ശ്രദ്ധാകേന്ദ്രം. കർണാടകയിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുന്ന തന്ത്രങ്ങൾ മെനയാൻ സുനിലിന്റെ നേതൃത്വത്തിൽ 200 പേരുടെ സംഘത്തെയാണ് നിയോ​ഗിച്ചിരിക്കുന്നത്. നല്ല നിലയിലാണ് ഇവരുടെ പ്രചരണമെന്ന് എതിരാളികൾ പോലും സമ്മതിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇവരുടെ ക്രിയാത്മക പ്രചാരണങ്ങൾ എതിർ പാർട്ടികളുടെ പ്രശംസ പോലും നേടിയിട്ടുണ്ട്. സുനിലിനെ പോലെ ഐക്കണിനെ മുൻനിർത്തിയല്ല ബിജെപി പ്രചാരണ തന്ത്രങ്ങൾ മെനയുന്നത്. സംഘടനയുടെ നൂറുകണക്കിന് യുവാക്കളുടെ നിശബ്ദമായ പ്രവർത്തനമാണ് ബിജെപിയുടെ ശക്തി.

ഡാറ്റ അടിസ്ഥാനമാക്കിയുള്ള കൃത്യമായ വിവരങ്ങളും പദ്ധതിയുമാണ് പ്രവർത്തകരുടെ രീതി. അനിൽ ഗൗഡയെന്നെ തന്ത്രജ്ഞനെയാണ് ജെഡിഎസ് ആശ്രയിക്കുന്നത്. ജെ പി നഗറിൽ എഴുപതോളം യുവാക്കൾ ജെഡിഎസിന്റെ വിജയത്തിനായി തന്ത്രങ്ങൾ മെനയുന്നു. കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് സിദ്ധരാമയ്യ സ്വന്തമായ നിലയിലും വാർ റൂം തുറന്നിരിക്കുന്നുവെന്നാണ് മറ്റൊരു വസ്തുത. തന്റെ ശക്തികേന്ദ്രമായ കോലാറിലാണ് തെരഞ്ഞെടുത്ത പ്രവർത്തകരുടെ സംഘം പ്രവർത്തിക്കുന്നത്. തന്ത്രജ്ഞർക്കും അവരുടെ തന്ത്രങ്ങൾക്കും എത്രത്തോളം ജനമനസ്സുകളെ സ്വാധീനിക്കാനായെന്ന് മനസ്സിലാകണമെങ്കിൽ  ജനവിധി എന്താണെന്നറിയും വരെ കാത്തിരിക്കണം.  

രാജസ്ഥാൻ പൊലീസിന്റെ ഓപ്പറേഷൻ 'പഞ്ചറിങ്' 

കുറ്റവാളികളെ അമർച്ച ചെയ്യാൻ വളരെ വ്യത്യസ്തമായ നീക്കത്തിലൂടെ രാജസ്ഥാൻ പൊലീസ് വിവാദത്തിലായിരിക്കുകയാണ്. പഞ്ചറിങ് എന്നാണ് പൊലീസ് ഓപ്പറേഷന് പേരിട്ടിരിക്കുന്നത്. ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ അരയ്ക്ക് താഴെ വെടിവെച്ച് അംഗഭംഗപ്പെടുത്താനാണ് തീരുമാനം. ജയ്പൂർ, ധോൽപൂർ, ജുജുനു, ഭരത്പൂർ എന്നിവിടങ്ങളിൽ പൊലീസ് ഈ ഓപ്പറേഷൻ നടപ്പാക്കിയതിനെ തുടർന്ന്  അക്രമികളെ അമർച്ചെ ചെയ്യാനായെന്ന് പൊലീസ് അവകാശവാദമുന്നയിക്കുന്നു. എന്നാൽ, നിയമ സംവിധാനത്തിന് പുറമെ പൊലീസ് ചെയ്യുന്ന ഇത്തരം ഓപ്പറേഷനുകളുടെ അനന്തരഫലങ്ങൾ ഭാവിയിൽ വളരെ വലുതായിരിക്കുമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 

രാജസ്ഥാനിലെ രാജ-റാണി യുദ്ധം

വരുന്ന തെരഞ്ഞെടുപ്പിൽ ​ഗെലോട്ട് സർക്കാറിനെ വീഴ്ത്തി അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പേ പാർട്ടിക്കുള്ളിൽ പോര് തുടങ്ങിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പാർട്ടിയിൽ ആരാണ് ശക്തർ എന്ന മത്സരത്തിലാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വസുന്ധര രാജ സിന്ധ്യയും സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയയുയം. ഇരുവരുടെയും ശക്തി പ്രകടനങ്ങളാണ് ഇപ്പോൾ ചർച്ചാ വിഷയം. അടുത്ത തെരഞ്ഞെടുപ്പിൽ താൻ ഒട്ടും പിന്നിലാകില്ലെന്ന പ്രഖ്യാപനം നടത്തിയത് മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ്. തന്റെ ജനപ്രീതിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കാൻ ജന്മദിനത്തിൽ ആയിരങ്ങളെ അണിനിരത്തി. എന്നാൽ, ഇതെല്ലാം വെറും ഷോ ആണെന്നാണ് സതീഷ് പൂനിയയുടെ വിഭാ​ഗം പറയുന്നത്. സിന്ധ്യ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കാത്തവരാണ് പാർട്ടിയിൽ ഭൂരിപക്ഷമെന്നും ഈ വിഭാ​ഗം കരുതുന്നു. എന്തായാലും രാജയ്ക്കും റാണിക്കുമിടയിലെ യുദ്ധത്തിൽ കുടുങ്ങിക്കിടക്കുകയാണ് രാജസ്ഥാനിലെ ബിജെപി. 

എവിടെ പുതിയ ജില്ലകൾ, ജനം ഒന്നും മറക്കില്ല!

തെരഞ്ഞെടുപ്പിന് മുമ്പ് വാ​ഗ്ദാനങ്ങൾ നൽകി ജനത്തെ പറ്റിക്കാമെന്നതൊക്കെ പഴയ നമ്പറാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ടിന് ഇപ്പോൾ മനസ്സിലാക്കിയിരിക്കും. കാരണം ആറ് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നായിരുന്നു വാ​ഗ്ദാനം. ഇപ്പോൾ എവിടെ പോയാലും എപ്പോൾ നമ്മുടെ പുതിയ ജില്ല ലഭിക്കുമെന്ന ചോദ്യമുയർന്ന് തുടങ്ങിയതോടെ മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണ്. ആറ് പുതിയ ജില്ലകൾ രൂപീകരിക്കുന്നത് ബജറ്റ് പിന്തുണയില്ല എന്നതാണ് അവസ്ഥ. അതുകൊണ്ടുതന്നെ ജനത്തിന് മുന്നിൽ അദ്ദേഹത്തിന് ഉത്തരവുമില്ല. മുഖ്യമന്ത്രി ഉത്തരം പറയാതെ മൗനം തുടർന്നാൽ, ജനം തെരുവിലിറങ്ങുമെന്നാണ് പാർട്ടി പ്രവർത്തകർ തന്നെ അടക്കം പറയുന്നത്. 

പാളിപ്പോയ 'റോസ്റ്റഡ് പനീർ' 

ഫ്യൂഷൻ ഫുഡിന് പേര് കേട്ടതാൻ് തമിഴ്നാട്. 'പനീർ റോസ്റ്റ്' തീൻമേശയിൽ അത്ര പ്രിയമല്ലെങ്കിലും രാഷ്ട്രീയത്തിൽ വളരെ പ്രശസ്തമാണ്. പുതിയ രാഷ്ട്രീയ ധാരണ പാകം ചെയ്യാനുള്ള തേനി കേന്ദ്രമായി പ്രവർത്തിക്കുന്ന നേതാവിന്റെ ശ്രമം വലിയ ചർച്ചയായിരുന്നു. കൊങ്കനാട്ടിലെ ഭക്ഷണത്തോട് അൽപ്പം താൽപ്പര്യമുള്ള ദേശീയ പാർട്ടിയുമായി കൈകോർക്കാനായിരുന്നു നേതാവിന്റെ പദ്ധതി. എന്നാൽ വിചാരിച്ച അത്രയും അദ്ദേഹത്തിന്റെ രസക്കൂട്ട് ആർക്കും പിടിച്ചില്ലെന്നതാണ് തമിഴകത്തുനിന്നുള്ള വാർത്തകൾ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം
നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'