കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ത്യ പൗരത്വം നല്‍കിയ പാകിസ്ഥാനികളുടെ എണ്ണം പറഞ്ഞ് നിര്‍മല സീതാരാമന്‍

By Web TeamFirst Published Jan 19, 2020, 7:36 PM IST
Highlights

ആരുടെയും പൗരത്വം എടുത്തുകളയാനുള്ള നിയമമല്ല സിഎഎ. ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടിയാണെന്നും അവര്‍ പറഞ്ഞു.

ചെന്നൈ: കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 2838 പാകിസ്ഥാനികള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മുസ്ലീങ്ങളടക്കം 2838 പാകിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ക്കും 914 അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കും 172 ബംഗ്ലാദേശി അഭയാര്‍ത്ഥികള്‍ക്കും ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ട്. 1964 മുതല്‍ 2008വരെയുള്ള കണക്ക് പ്രകാരം നാല് ലക്ഷം ശ്രീലങ്കന്‍ തമിഴര്‍ക്കും ഇന്ത്യ പൗരത്വം നല്‍കിയെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2014വരെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍  നിന്നുള്ള 566 മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കി. 2016-18 കാലയളവില്‍ 1595 പാകിസ്ഥാനി അഭയാര്‍ത്ഥികള്‍ക്കും 391 അഫ്ഗാനിസ്ഥാന്‍ മുസ്ലീങ്ങള്‍ക്കും മോദി സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 2016ല്‍ ഗായകന്‍ അദ്നാന്‍ സമിക്ക് പൗരത്വം നല്‍കിയതും അവര്‍ ചൂണ്ടിക്കാട്ടി.  

കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നെത്തിയവരെ താമസിപ്പിച്ചിട്ടുള്ള അഭയാര്‍ത്ഥി ക്യാമ്പുകളെക്കുറിച്ചും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ 60 വര്‍ഷമായി അവര്‍ ഇപ്പോഴും ക്യാമ്പുകളില്‍ താമസിക്കുകയാണ്. നിങ്ങള്‍ അവിടെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ കണ്ണ് നിറയും. ക്യാമ്പുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ കാര്യവും സമാനമാണ്. അടിസ്ഥാന സൗകര്യം പോലും ഇല്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ആരുടെയും പൗരത്വം എടുത്തുകളയാനുള്ള നിയമമല്ല സിഎഎ. ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടിയാണെന്നും അവര്‍ പറഞ്ഞു. എന്‍പിആറും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

click me!