
ദില്ലി: ജി 20 ഉച്ചകോടിയിൽ ഇന്ത്യ - ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപനത്തിൽ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നത് ആണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. അടുത്ത തലമുറക്ക് ആയി അടിത്തറ പാകുന്നു. ചൈനയുടെ വൺ ബെൽറ്റ് പദ്ധതിക് ബദൽ ആയ പദ്ധതിയാണിത്.
പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. രാജ്യങ്ങൾ തമ്മിലുള്ള അടിസ്ഥാന സൗകര്യങ്ങളിലെ വിടവ് നികത്തുകയാണെന്നും സുസ്ഥിരമായ ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ പങ്കാളികളോടൊപ്പം സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് സഹകരിച്ച് പ്രവർത്തിക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഫ്രാൻസ് പറഞ്ഞു. ഇടനാഴിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസലർ പിന്തുണ അറിയിച്ചു.
ജി20 ഉച്ചകോടി; ഋഷി സുനകിന്‍റെ ടൈ ശരിയാക്കി അക്ഷത മൂര്‍ത്തി, ഹൃദയം കവരുന്നതെന്ന് സോഷ്യല്‍ മീഡിയ
യുദ്ധമുണ്ടാക്കിയ വിശ്വാസരാഹിത്യം പരിഹരിക്കണമെന്ന നരേന്ദ്ര മോദിയുടെ നിർദ്ദേശത്തോടെയാണ് ജി20 ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കം കുറിച്ചത്. കൊവിഡ് ഭീഷണി മറികടന്നതു പോലെ പരസ്പര വിശ്വാസമില്ലായ്മയും കൂട്ടായി പരിഹരിക്കണമെന്ന് ഉച്ചകോടിയുടെ ആമുഖപ്രസംഗത്തിൽ മോദി നിർദ്ദേശിച്ചു. ആഫ്രിക്കൻ യൂണിയന് ജി20യിൽ അംഗത്വം നല്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം ഉച്ചകോടി അംഗീകരിച്ചു.
രാവിലെ ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിൽ യുഎസ് പ്രസിഡൻറ് ജോബൈഡൻ ഉൾപ്പടെയുള്ള നേതാക്കളെ നരേന്ദ്ര മോദി സ്വീകരിച്ചു. സൗദി രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡൻറ് മൊഹമ്മദ് ബിൻ സയിദ് അൽനഹ്യാൻ, യുകെ പ്രധാനമന്ത്രി റിഷി സുനക്. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് തുടങ്ങി 30 രാഷ്ട്രനേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വൺ എർത്ത്, വൺ ഫാമിലി എന്നീ വിഷയങ്ങളിലുള്ള സെഷനാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് രാഷ്ട്രപതി ജി 20 നേതാക്കൾക്ക് അത്താഴവിരുന്ന് നല്കും.