ലഡാക്കിലെ സേനാ പിന്മാറ്റം; ഒരു പ്രദേശവും വിട്ടുനല്‍കിയിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയം

By Web TeamFirst Published Feb 12, 2021, 6:17 PM IST
Highlights

ഇന്ത്യയുടെ വിവിധ പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് വിട്ടുകൊടുത്തുവെന്ന് രാഹുല്‍ ഗാന്ധിയും പിന്നാലെ സമൂഹമാധ്യമങ്ങളിലും വ്യാപക പ്രചാരണം നടന്നതോടെയാണ് പ്രതിരോധമന്ത്രാലയത്തിന്‍റെ പ്രസ്താവനയെത്തുന്നത്.

ദില്ലി: പാങ്ഗോഗ് സോയിലെ പിന്മാറ്റ നടപടിയുടെ ഭാഗമായി രാജ്യത്തിന്‍റെ ഒരു പ്രദേശവും വിട്ടുനല്‍കിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിര്‍ണായകമായ ഡേപ്സാംഗ് മേഖലയിലെ പിന്മാറ്റത്തേക്കുറിച്ച് അടുത്ത ഘട്ട സൈനിക തല ചര്‍ച്ചയിലാവും തീരുമാനങ്ങള്‍ എടുക്കുകയെന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി.

ഇന്ത്യയുടെ വിവിധ പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് വിട്ടുകൊടുത്തുവെന്ന് രാഹുല്‍ ഗാന്ധിയും പിന്നാലെ സമൂഹമാധ്യമങ്ങളിലും വ്യാപക പ്രചാരണം നടന്നതോടെയാണ് പ്രതിരോധമന്ത്രാലയത്തിന്‍റെ പ്രസ്താവനയെത്തുന്നത്. തെറ്റിധരിപ്പിക്കുന്നതും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതുമായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പാങ്ഗോഗ് സോയിലെ പിന്മാറ്റം സംബന്ധിച്ചാണ് ഈ പ്രചാരണങ്ങളെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച വസ്തുതാപരമായ പ്രസ്താവനയാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും നടത്തിയിട്ടുള്ളത്.

രാജ്യത്തിന്‍റെ പ്രദേശം ഇന്ത്യയുടെ മാപ്പില്‍ വ്യക്തമാണ്. ഇത് 1962 മുതല്‍ ചൈന അധീനതയില്‍ വച്ചിരിക്കുന്ന 43000 സ്ക്വയര്‍ കിലോമീറ്ററും ഉള്‍പ്പെടുത്തിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ധാരണപ്രകാരമുള്ള ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ ഫിംഗര്‍ 8 ആണെന്നും ഫിംഗര്‍ 4 അല്ലെന്നും പ്രതിരോധമന്ത്രാലയം കൂട്ടിച്ചേര്‍ക്കുന്നു. നിലവിലെ ചൈനയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലും ഫിംഗര്‍ 8ലും സ്ഥിരമായി പട്രോളിംഗ് നടത്തുന്നത് ഇതുകൊണ്ടാണെന്നും പ്രതിരോധമന്ത്രാലയം പറയുന്നു.

ശക്തമായ സമ്മർദ്ദത്തിലൂടെ ചൈനയുടെ പിൻമാറ്റം ഉറപ്പാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ ആരോപണം ഉയര്‍ന്നത്. ഉയർന്ന മലനിരകൾ പിടിച്ചെടുത്ത് ഇന്ത്യൻ സേന കൈവരിച്ച നേട്ടം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ ധാരണയെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. 

click me!