
ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ റീകോമ്പിനന്റ് മൾട്ടി-സ്റ്റേജ് മലേറിയ പ്രതിരോധ വാക്സിൻ അഡ്ഫാൽസിവാക്സ് (AdFalciVac) വൈകാതെയെത്തും. നിലവിൽ ലഭ്യമായ രണ്ട് മലേറിയ വാക്സിനുകളെക്കാളും ശേഷിയുള്ളതാണ് ഇതെന്ന്,വാക്സിൻ വികസിപ്പിക്കുന്ന ഭുവനേശ്വറിലെ, ഐസിഎംആർ - എഐഎച്ച്ആർ ഡയറക്ടർ ഡോ. സംഘമിത്ര പതി പറഞ്ഞു. തിരുവനന്തപുരം പ്രെസ്സ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമപഠന യാത്രയുടെ ഭാഗമായി ഒഡിഷയിൽ എത്തിയ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡോ സംഘമിത്ര. പ്രീക്ലിനിക്കൽ സ്റ്റേജിൽ മികച്ച ഫലങ്ങളാണ് ലഭിച്ചത്. മലേറിയയുടെ ഏറ്റവും ഗുരുതര വകഭേദമുണ്ടാക്കുന്ന പ്ലാസ്മോഡിയം ഫാൽസിപ്പറമിന്റെ രണ്ട് ഘട്ടങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് വാക്സിൻ.
ദീർഘകാല പ്രതിരോധവും സാധാരണ താപനിലയിൽ ഒൻപത് മാസം വരെ സൂക്ഷിക്കാമെന്നതും പ്രത്യേകതയാണ്. ചെലവ് കുറഞ്ഞ നിർമാണരീതിയാണ് അവലംബിക്കുന്നത്. രാജ്യത്തിന്റെ മലേറിയ പ്രതിരോധത്തിൽ നിർണായക ഏടായിരിക്കും 'സ്വന്തം വാക്സിൻ ' എന്നും ഡോ. സംഘമിത്ര പതി പറഞ്ഞു. ഐസിഎംആർ- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ച്, ഭുവനേശ്വർ (ICMR-NIHRBB, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച് (ICMR-NIMR) എന്നിവ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയുമായി ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്. കോവിഡ്, നിപ കേസുകൾ കണ്ടെത്തുന്നതിൽ കേരളത്തിലെ സംവിധാനങ്ങളുടെ മികവിനെ ഡോ. സംഘമിത്ര പതി പ്രശംസിച്ചു.
ഇക്കാര്യത്തിൽ ആലപ്പുഴയിലെ ഐസിഎംആർ-എൻഐവി യൂണിറ്റിന്റെ സംഭാവനയും അവർ എടുത്തുപറഞ്ഞു. കേരളത്തിലെ വയനാട് ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന ഭാരത് ട്രൈബൽ ഫാമിലി ഹെൽത്ത് സർവേയെക്കുറിച്ചും അവർ വിശദീകരിച്ചു. പരിപാടിക്കിടെ ഡോ. ദേബ്ദത്ത ഭട്ടാചാര്യ സ്ഥാപനത്തിന്റെ പ്രധാന നേട്ടങ്ങൾ അവതരിപ്പിച്ചു. ഡോ. സുമൻ സുന്ദർ മൊഹന്തി, ഡോ. സുബേന്ദു കുമാർ ആചാര്യ, ഡോ. ശ്രീകാന്ത കനുങ്കോ എന്നിവരടക്കമുള്ള ശാസ്ത്രജ്ഞരും മാധ്യമസംഘവുമായി സംവദിച്ചു. തുടർന്ന് സംഘം സ്ഥാപനത്തിലെ അത്യാധുനിക ലബോറട്ടറികളും ഗവേഷണ സൗകര്യങ്ങളും സന്ദർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam