തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റൻ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സംഘാടകരുടെ തീരുമാനം. പരിപാടിയിൽ പങ്കെടുക്കാനായി നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു.
ലണ്ടൻ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് സംഘാടകരുടെ തീരുമാനം. വിജയ്‍യുടെ പരിപാടിയിൽ പങ്കെടുക്കാനായി നൂറുകണക്കിന് ആരാധകരാണ് ലണ്ടനിലെ അംബരചുംബിയായ ദി ഷാർഡിന് സമീപം എത്തിയിരുന്നത്. പരിപാടി റദ്ദാക്കിയത് മണിക്കൂറുകളായി ക്യൂ നിന്നവരടക്കം ഉള്ള ആരാധകരെ നിരാശരാക്കി.
പൊതുജന സുരക്ഷയെ കരുതി പരിപാടി റദ്ദാക്കുകയാണെന്നും സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ അനുമതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സംഘത്തിലുള്ള അംഗം ഉച്ചഭാഷിണിയിലൂടെ പറഞ്ഞു. ഇത് ന്യായമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും പക്ഷേ ആളുകളെല്ലാം കാത്തിരിക്കുകയായിരുന്നുവെന്നും പരിപാടിയിൽ പങ്കെടുക്കാനായി മണിക്കൂറുകളായി കാത്തിരുന്ന ഒരാൾ പറഞ്ഞു. തമിഴ്‌നാട്ടിൽ കാണുന്ന അത്ര ജനക്കൂട്ടം ഒന്നും ഇതിൽ ഇല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
തമിഴ്നാട്ടിലേക്ക് നിക്ഷേപകങ്ങൾ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് വിജയ്‍ യുകെയിൽ എത്തിയത്. കഴിഞ്ഞ ദിവസം 12,300 കോടി രൂപയുടെ നാല് പ്രമുഖ നിക്ഷേപ കരാറുകളിൽ മുഖ്യമന്ത്രി വിജയ് ഒപ്പുവെച്ചതായും പദ്ധതികളിലൂടെ സംസ്ഥാനത്ത് 9,000 ത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും തമിഴ്‌നാട് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
യുകെ സന്ദർശനത്തിനിടെ പ്രശസ്തമായ സിൽവർസ്റ്റോൺ റേസിംഗ് സർക്യൂട്ട് സന്ദർശിച്ച വിജയ്, തമിഴ് നടനും റേസറുമായ അജിത് കുമാർ പങ്കെടുത്ത റേസിംഗ് മത്സരം ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ ലോകോത്തര നിലവാരത്തിലുള്ള 'മോട്ടോർ സ്പോർട്സ് സിറ്റി' നിർമ്മിക്കാനുള്ള സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായാണ് ഈ സന്ദർശനം. അതേസമയം യുകെ സന്ദർശനം പൂർത്തിയാക്കി വിജയ് ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും.


