രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി സഖ്യകക്ഷികളുമായി ചർച്ചകൾ ശക്തമാക്കുന്നു. ടിഡിപി അനുകൂല നിലപാട് വ്യക്തമാക്കിയപ്പോൾ, പാർലമെന്റിൽ സമവായം വേണമെന്നാണ് ഒമർ അബ്ദുള്ളയുടെ ആവശ്യം. ജെഡിയു, എൽജെപി തുടങ്ങിയ പാർട്ടികളുടെ ആശങ്കകൾ പരിഹരിക്കാനാണ് ബിജെപിയുടെ ശ്രമം.

ദില്ലി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബിജെപി. ഇതിന്റെ ഭാഗമായി സഖ്യകക്ഷികളുമായി ചർച്ചകൾ നടത്താൻ പാർട്ടി നേതൃത്വം 0തീരുമാനിച്ചു. പ്രധാനമായും ജെഡിയു, ലോക് ജനശക്തി പാർട്ടി തുടങ്ങിയ പ്രധാന സഖ്യകക്ഷികളുമായി ചർച്ച നടത്തി അവരുടെ ആശങ്കകൾ ദൂരീകരിക്കാനാണ് ബിജെപി നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം മറ്റൊരു പ്രധാന സഖ്യകക്ഷിയായ തെലുങ്ക് ദേശം പാർട്ടി (TDP) തങ്ങളുടെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ഏക സിവിൽ കോഡിനോട് പാർട്ടിക്ക് യാതൊരുവിധ എതിർപ്പുമില്ലെന്ന് ടിഡിപി ആന്ധ്രപ്രദേശ് അധ്യക്ഷൻ ശ്രീനിവാസ് റാവു വ്യക്തമാക്കി. എൻഡിഎ മുന്നണിയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ടിഡിപിയുടെ പ്രതികരണം വന്നത്.

എന്നാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും തന്റെ ഭിന്നാഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങൾ വഴിയല്ല, മറിച്ച് പാർലമെന്റിലൂടെയാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പാർലമെന്റിൽ ഇക്കാര്യത്തിൽ വ്യക്തമായ സമവായം ഉണ്ടാകുന്നത് വരെ കേന്ദ്ര സർക്കാർ കാത്തിരിക്കണമെന്നും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.