'ഇതുപോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം, സമ്മർദങ്ങൾക്ക് വഴങ്ങാത്തയാൾ': പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് പുടിൻ

Published : Dec 05, 2025, 12:54 AM IST
 Vladimir Putin praises Narendra Modi

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമ്മർദങ്ങൾക്ക് വഴങ്ങാത്ത നേതാവെന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്ന് പുടിൻ പറഞ്ഞു. മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും റഷ്യൻ പ്രസിഡന്‍റ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പുടിൻ ആവർത്തിച്ചു. അമേരിക്ക ഇപ്പോഴും റഷ്യയിൽ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതേ അവകാശം ഇന്ത്യയ്ക്കും ഉണ്ടെന്ന് പുടിൻ പറഞ്ഞു. ഇരട്ട തീരുവ അടക്കം ട്രംപിൻറെ തീരുമാനങ്ങൾക്ക് പിന്നിൽ ഉപദേശകർ ആണെന്നും പുടിൻ കുറ്റപ്പെടുത്തി. ലക്ഷ്യം കൈവരിച്ച ശേഷം മാത്രമേ യുക്രെയിനെതിരായ യുദ്ധം നിറുത്തൂ എന്നും പുടിൻ ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിശ്വസിക്കാവുന്ന സുഹൃത്ത് എന്നാണ് പുടിൻ മോദിയെ വിശേഷിപ്പിച്ചത്. ഇത് താൻ ഏറെ ആത്മാർത്ഥതയോടെയാണ് പറയുന്നതെന്നും പുടിൻ വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗ്യമാണ് അദ്ദേഹത്തെ പോലൊരു നേതാവ്. അദ്ദേഹം ഇന്ത്യയ്ക്കായാണ് ജീവിക്കുന്നതെന്നും പുടിൻ പ്രശംസിച്ചു. മോദിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. സാമ്പത്തിക സഹകരണം, പ്രതിരോധം, മാനുഷിക സഹായം, സാങ്കേതികവിദ്യ വികസനം തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്നും പുടിൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ മോസ്കോ സന്ദർശനം റഷ്യൻ പ്രസിഡന്റ് ഓർത്തെടുത്തു. തന്‍റെ വസതിയിൽ ഒരുമിച്ച് ഇരുന്നു. വൈകുന്നേരം ചായ കുടിക്കുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. രസകരമായിരുന്നു ആ സംഭാഷണങ്ങളെന്നും പുടിൻ പറഞ്ഞു. പുടിൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ദില്ലിൽ എത്തിയത്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യും.

പുടിന് ഊഷ്മള സ്വീകരണം

വിമാനത്താവളത്തില്‍ എത്തിയ പുടിനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു. ഊഷ്മളമായ സ്വീകരണമാണ് പുടിന് ലഭിച്ചത്. പുടിന്‍റെ ഇന്ത്യാ സന്ദർശനത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. നിർണായക ചർച്ചകളും തന്ത്രപ്രധാനമായ നിരവധി യോ​ഗങ്ങളും പ്രധാന പ്രഖ്യാപനങ്ങളുമാണ് കൂടിക്കാഴ്ചയില്‍ പ്രതീക്ഷിക്കുന്നത്. 26-27 മണിക്കൂർ പുടിൻ ഇന്ത്യയിൽ ചെലവഴിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ എന്നിവർ മാത്രം പങ്കെടുക്കുന്ന സുപ്രധാന യോ​ഗമാണ് ആദ്യം. കഴിഞ്ഞ വർഷം ജൂലൈയിൽ മോസ്കോ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്രെംലിനിൽ സംഘടിപ്പിച്ച സ്വകാര്യ യോ​ഗത്തിന്റെ ശൈലിയിലാണ് ദില്ലിയിലെ കൂടിക്കാഴ്ച. പുടിന്റെ ഇന്ത്യാ സന്ദർശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരിക്കും ഈ കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിൽ മോദി ഒരു സ്വകാര്യ അത്താഴ വിരുന്നും സംഘടിപ്പിച്ചു.

 ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി  ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനും നയിക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി ഉച്ചയ്ക്ക് 12ന് ഹൈദരാബാദ് ഹൗസിൽ തുടങ്ങും. പ്രതിനിധി സംഘങ്ങളെ ഉൾപ്പെടുത്തിയുള്ള ഉഭയകക്ഷി ചർച്ചകൾ ഹൈദരാബാദ് ഹൗസിൽ നടക്കും. ഇതിന് ശേഷം ഒരു സംയുക്ത പ്രസ്താവന, റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിൻ നിർമ്മാണത്തെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം തുടങ്ങിയ നിർണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും. വെള്ളിയാഴ്ച വൈകുന്നേരം പുടിൻ മോസ്കോയിലേക്ക് മടങ്ങും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്ലാറ്റിനുള്ളിൽ പുലിയുടെ ആക്രമണം; 6 പേർക്ക് പരിക്കേറ്റു, പെൺകുട്ടിക്ക് മുഖത്ത് ​ഗുരുതരപരിക്ക്; സംഭവം മുംബൈ ഭയന്തറിൽ
'രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം, ജനവിരുദ്ധ ബില്ല് പാർലമെന്‍റ് പരിഗണിച്ചപ്പോള്‍ രാഹുൽ BMW ബൈക്ക് ഓടിക്കുകയായിരുന്നു ': ജോണ്‍ ബ്രിട്ടാസ്