'ഇന്ത്യ ഇപ്പോൾ എന്‍റേത്'; കാമുകനെ തേടി 4 മക്കളുമായി ഇന്ത്യയിൽ, അറസ്റ്റ്, ജയിൽ, പാക് യുവതി ഹാപ്പിയാണ്

Published : Jul 09, 2023, 11:01 AM ISTUpdated : Jul 09, 2023, 11:21 AM IST
'ഇന്ത്യ ഇപ്പോൾ എന്‍റേത്'; കാമുകനെ തേടി 4 മക്കളുമായി ഇന്ത്യയിൽ, അറസ്റ്റ്, ജയിൽ, പാക് യുവതി ഹാപ്പിയാണ്

Synopsis

'എന്റെ ഭർത്താവ് ഹിന്ദുവാണ്, അതിനാൽ ഞാൻ ഒരു ഹിന്ദുവാണ്, ഞാൻ ഒരു ഇന്ത്യക്കാരനാണെന്ന് എനിക്ക് തോന്നുന്നു'- സീമ മാധ്യമങ്ങളോട് പ്രതികരിച്ചു. ശനിയാഴ്ചയാണ്  സച്ചിൻ മീണയും  സീമ ഹൈദറും ജാമ്യം നേടി ജയിൽ മോചിതരായത്.  

നോയിഡ: പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകനെ തേടി പാകിസ്ഥാനിൽ നിന്ന് 4 കുട്ടികളുമായി എത്തിയ 27കാരിയുടെ അതിസാഹസിക യാത്രക്ക് ഒടുവിൽ പര്യവസാനം. രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനും അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിനും ജയിലിലായ സീമ ഹൈദറും സച്ചിൻ മീണയും ജയിൽ മോചിതരായി. ഒരു ബോളിവുഡ് സിനിമ പോലെ കൗതുകമുണർത്തിയ അതിസാഹസിക പ്രണയ യാത്രക്കൊടുവിൽ ഇരുവരും ജീവിതത്തിൽ പുതിയ അധ്യായം കുറിക്കുകയാണ്. 'ഇന്ത്യ ഇപ്പോള്‍ എന്‍റേതാണ്' എന്നാണ് ജയിലിൽ നിന്നും പുറത്തിങ്ങിയ പാക് യുവതി സീമയുടെ പ്രതികരണം.

'എന്റെ ഭർത്താവ് ഹിന്ദുവാണ്, അതിനാൽ ഞാൻ ഒരു ഹിന്ദുവാണ്, ഞാൻ ഒരു ഇന്ത്യക്കാരിയാണെന്ന് എനിക്ക് തോന്നുന്നു'- സീമ മാധ്യമങ്ങളോട് പ്രതികരിച്ചു. ശനിയാഴ്ചയാണ്  സച്ചിൻ മീണയും സീമ ഹൈദറും ജാമ്യം നേടി ജയിൽ മോചിതരായത്.  ഏഴ് വയസ്സിന് താഴെയുള്ള നാല് കുട്ടികളുമായി നേപ്പാൾ വഴി വിസയില്ലാതെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമ ജൂലൈ 4 നാണ് അറസ്റ്റിലായത്. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

'വളരെ കഠിനവും ഏറെ ശ്രമകരവുമായ യാത്രയായിരുന്നു ഇന്ത്യയിലേക്ക്. ഏറെ പേടിച്ചാണ് പാക്കിസ്ഥാനിൽ നിന്നും യാത്ര പുറപ്പെട്ടത്.  ആദ്യം കറാച്ചിയിൽ നിന്ന് ദുബായിലേക്ക് പോയി, അവിടെ ഞങ്ങൾ 11 മണിക്കൂർ കാത്തിരുന്നു, ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നീട് നേപ്പാളിലേക്ക് എത്തി, ഒടുവിൽ പൊഖാറയിലേക്കുള്ള റോഡ് മാർഗമെത്തി, ഞാൻ സച്ചിനെ കണ്ടത് അവിടെ വെച്ചാണ്, അപ്പോഴാണ് ആശ്വാസമായത്- സീമ പറയുന്നു.

കൊവിഡ് കാലത്ത് മൊബൈൽ ​ഗെയിം ആപ്പായ പബ്ജി വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ചാറ്റിങ് തുടങ്ങുകയും പ്രണയത്തിലാകുകയും ചെയ്തു. ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചതോടെ നാല് മക്കളെയും കൂടെക്കൂട്ടി യുവതി പാകിസ്ഥാൻ വിടുകയായിരുന്നു. ഗ്രേറ്റർ നോയിഡയിൽ പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കൽ പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയുടെ സാഹസിക യാത്ര പുറം ലോകം അറിയുന്നത്. 

ഭർത്താവിന്‍റെ പീഡനത്തിൽ സഹികെട്ടാണ് യുവതി കാമുകനെ തേടി ഇന്ത്യയിലേക്ക് പുറുപ്പെട്ടത്. കുട്ടികളുമായി വീടുവിട്ട യുവതി കറാച്ചിയിലെത്തി വിമാനം വഴി ദുബായിയിലെത്തുകയായിരുന്നു. അവിടെനിന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കും വിമാനം മാർ​ഗം എത്തി. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് ബസ് കയറി. നാല് കുട്ടികൾ ഒപ്പമുള്ളതിനാൽ അതിർത്തികളിലെ പരിശോധനയിലൊന്നും പൊലീസ് ഇവരെ സംശയിച്ചില്ല. ഇന്ത്യൻ വേഷത്തിലായിരുന്നു യാത്ര.

അതിർത്തി കടന്നതോടെ ദില്ലിയിലെത്താനും ​ഗ്രേറ്റർ നോയിഡയിലുള്ള 22കാരനായ കാമുകന്റെ സമീപത്തെത്താനും ബുദ്ധിമുട്ടുണ്ടായില്ല. ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. സംശയം തോന്നിയ അഭിഭാഷകൻ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തുന്നത്. അതിന് മുമ്പേ ഹരിയാനയിലേക്ക് ഇരുവരും തിരിച്ചു. എന്നാൽ ബല്ലഭ്​ഗഢിൽ വെച്ച് ഇരുവരും പിടിയിലായി. ബസിൽവെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യാത്രക്കായി സിന്ധ് പ്രവിശ്യയിലെ ഖൈർപൂരിലുള്ള തന്റെ മാതാപിതാക്കളുടെ വീട് 12 ലക്ഷം രൂപയ്ക്ക് വിറ്റെന്നും യുവതി പറഞ്ഞിരുന്നു. 

Read More : മഴയൊഴിയാതെ ഉത്തരേന്ത്യ; 2 സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, ഇന്നും കനത്ത മഴ, ജീവനെടുത്ത് കാലവർഷം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം