
ദില്ലി : ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിപുലീകരിച്ച എൻഡിഎ മുന്നണി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 18 ന് ദില്ലിയിലാണ് യോഗം ചേരുക. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചയാകും. എൻസിപി പിളർത്തി മറുകണ്ടം ചാടിയ അജിത് പവാറും പ്രഫുൽ പട്ടേലും സംഘവും ഏക്നാഥ് ഷിൻഡേയുടെ സേനയ്ക്ക് ഒപ്പം യോഗത്തിൽ പങ്കെടുക്കും. അജിത് പവാറും സംഘം എൻഡിഎയിലേക്ക് എത്തിയതിന് ശേഷം നടക്കുന്ന ആദ്യ യോഗമാണ് 18 ന് നടക്കുന്നത്. പ്രതിപക്ഷ ഐക്യയോഗം ചേരുന്ന അതേ ദിവസം തന്നെയാണ് എൻഡിഎയും യോഗം ചേരുന്നതെന്നതെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിന്റെ ഐക്യനീക്കവും യോഗം ചർച്ച ചെയ്തേക്കും.
2024 ലെ ലോക്സഭാ ഇലക്ഷൻ ലക്ഷ്യമിട്ട് വലിയ മുന്നൊരുക്കങ്ങളാണ് എൻഡിഎ നടത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ പിടിക്കാൻ മോദിയെ തമിഴ്നാട്ടിൽ നിന്ന് മത്സരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹവും ശക്തമാണ്. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. കോയമ്പത്തൂരിൽ കഴിഞ്ഞ തവണ ജയിച്ചത് സിപിഎം ആണ്.1,79,143 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലായിരുന്നു വിജയം. കന്യാകുമാരിയിൽ കോൺഗ്രസ് 1,37,950 വോട്ടിനാണ് വിജയിച്ചത്. ഈ മണ്ഡലങ്ങളിൽ മോദിയെ മത്സരിപ്പിച്ച് ദക്ഷിണേന്ത്യ മുഴുവൻ പ്രചാരണമെന്നതാണ് ബിജെപി പരിഗണിക്കുന്നതെന്നാണ് അഭ്യൂഹം. എന്നാൽ തമിഴ്നാട്ടിൽ മോദി മത്സരിക്കുമോ എന്ന കാര്യത്തിൽ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
തെക്കും ഇറങ്ങുമോ മോദി?; തമിഴ്നാട്ടിൽ നിന്ന് മോദി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാവുന്നു
അതേ സമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നടത്തുന്ന സംസ്ഥാന പര്യടനവും തുടരുകയാണ്. ഛത്തിസ്ഗഢ്, തെലങ്കാനയിലും രാജസ്ഥാൻ അടക്കം സംസ്ഥാനങ്ങൾക്കായി കോടികളുടെ വികസനപദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam