
ദില്ലി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ജാപ്പനീസ് വ്യോമസേനയുടെ ആദ്യ സംഘം ഇന്ത്യയിലെത്തി. 'വീർ ഗാർഡിയൻ 2026' എന്ന് പേരിട്ടിരിക്കുന്ന സംയുക്ത വ്യോമാഭ്യാസത്തിൽ പങ്കെടുക്കാനാണ് സംഘം എത്തിയിരിക്കുന്നത്. സെപ്തംബര്‍ 22 വരെയാണ് ഇന്ത്യൻ വ്യോമസേനയുമായി ചേർന്നുള്ള ഈ പ്രഥമ അഭ്യാസം നടക്കുക. അഭ്യാസത്തിനായി ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ വിമാനങ്ങളാണ് അണിനിരക്കുന്നത്. അതേസമയം, ജപ്പാന്റെ എഫ്-2, എഫ്-15 യുദ്ധവിമാനങ്ങളും അഭ്യാസത്തിൽ കരുത്ത് കാട്ടും. ഇരു വ്യോമസേനകളും തമ്മിലുള്ള പ്രവർത്തനമികവ് മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാകുന്നതിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സന്തോഷം പ്രകടിപ്പിച്ചു. ഈ സംയുക്ത സൈനികാഭ്യാസം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളിലും പ്രതിരോധ സഹകരണത്തിലും നിർണായകമായ മറ്റൊരു ചുവടുവെപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഭ്യാസത്തിന് വ്യക്തമായ തന്ത്രപരമായ ലക്ഷ്യങ്ങളുണ്ടെന്ന് ഇന്ത്യൻ വ്യോമസേനയും വ്യക്തമാക്കിയിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യത്തെ സംയുക്ത വ്യോമാഭ്യാസം എന്ന നിലയിൽ 'വീർ ഗാർഡിയൻ' ഏറെ ശ്രദ്ധ നേടുന്നുണ്ട്. ജാപ്പനീസ് സംഘം ഇന്ത്യയിൽ വിമാനമിറങ്ങുന്നതിന്റെ ചിത്രങ്ങൾ ഇന്ത്യൻ വ്യോമസേന ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിലെ നാഴികക്കല്ല് എന്നാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam