വിജയ്ക്ക് രൂക്ഷ മറുപടിയുമായി സ്റ്റാലിൻ രംഗത്ത്. തന്നെ അവഹേളിച്ചാലും ചരിത്രം തിരുത്താനാകില്ലെന്ന് സ്റ്റാലിൻ്റെ മറുപടി. ജയിലിലെ മർദനത്തിൽ തന്റെ താടിയെല്ല് പൊട്ടിയെന്ന് പറഞ്ഞ സ്റ്റാലിൻ, ഇപ്പോഴും ശരീരത്തിൽ പാടുണ്ടെന്നും പറഞ്ഞു.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യ്ക്ക് രൂക്ഷ മറുപടിയുമായി ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തന്നെ അവഹേളിച്ചാലും ചരിത്രം തിരുത്താനാകില്ലെന്ന് സ്റ്റാലിൻ മറുപടി നൽകി. ജയിലിലെ മർദനത്തിൽ തന്റെ താടിയെല്ല് പൊട്ടിയെന്ന് പറഞ്ഞ സ്റ്റാലിൻ, താടിയിൽ തട്ടി തന്നെ കളിയാക്കിയത് 'കറക്റ്റ്' ആണെന്നും പറഞ്ഞു. ഇപ്പോഴും ശരീരത്തിൽ പാടുണ്ട്. നിയമസഭയിലെ ലൈബ്രറിയിൽ പോയി ചരിത്രം പഠിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലൂടെ ആണ് വിജയ്ക്ക് മറുപടിയുമായി സ്റ്റാലിൻ രംഗത്തെത്തിയത്. നിയമസഭയിൽ ഡിഎംകെയെ കടന്നാക്രമിച്ചു നടത്തിയ പ്രസംഗത്തിനിടെ വിജയ് തൻ്റെ താടി കൈകൊണ്ട് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു. ഇത് അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിൽ പരിക്കേറ്റ സ്റ്റാലിനെ പരിഹസിക്കുന്നതാണെന്ന വിമർശനം ഉയർന്നിരുന്നു.
മുഖ്യമന്ത്രിയായ ശേഷം വിജയ് മാപ്പ് പറഞ്ഞെന്നും സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രി ആയശേഷം വീട്ടിൽ വന്നത് മറന്നോ എന്നും സ്റ്റാലിൻ ചോദിച്ചു. പ്രചാരണത്തിനിടെ പലതും പറഞ്ഞു. തന്നോട് ക്ഷമിക്കണം എന്ന് വിജയ് പറഞ്ഞു. അത് മറന്നേക്കൂ, ഇപ്പോൾ മുഖ്യമന്ത്രി ആണ്, അത് വിചാരിച്ച് ഇനി സംസാരിക്കണം എന്ന് താൻ മറുപടി നൽകി. വിജയ് അത് മറന്നത് എങ്ങനെയാണെന്നും സ്റ്റാലിൻ ചോദിച്ചു.
പാർട്ടി ഫണ്ടിൻ്റെ മറവിൽ ഡിഎംകെ വ്യാപക അഴിമതി നടത്തിയിട്ടുണ്ടെന്നും ഇതിനെതിരെ ഇഡി രംഗത്തെത്തിയിട്ടുണ്ടെന്നുമുള്ള വിജയ്‍യുടെ ആരോപണത്തിന് ഇഡിയുടെ ട്രാക്ക് റെക്കോർഡ് ഉയർത്തി സ്റ്റാലിൻ മറുപടി നൽകി. ഇഡി അന്വേഷിച്ച 95 ശതമാനം കേസുകളും പൊളിഞ്ഞു. ഇഡിയെക്കുറിച്ച് ഒപ്പമുള്ള കോൺഗ്രസുകാരോട് ചോദിക്കൂ. കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്കെതിരെ ഇഡി കേസില്ലേ എന്നും സ്റ്റാലിൻ ചോദിച്ചു.
ഒരു തോൽവി കൊണ്ട് ഡിഎംകെ ഇല്ലാതാകില്ല. നാണയത്തിന്റെ രണ്ട് വശം പോലെയാണ് ജയവും തോൽവിയും. തമിഴ്നാടിനായി ഇനിയും ഡിഎംകെ പോരാടും. അതാണ് ഡിഎംകെയുടെ ചരിത്രം. വിജയ് ജനത്തിനായി ഒന്നും ചെയ്തിട്ടില്ല. തന്റെ പദ്ധതികൾ മാത്രമാണ് ഇപ്പോഴും ഉള്ളത്. തന്റെ സർക്കാർ പണിത പാലത്തിന് മുകളിൽ നിന്ന് റീൽ എടുക്കുന്നത് മാത്രമാണ് വിജയ്‍യുടെ പദ്ധതിയെന്നും സ്റ്റാലിൻ പറഞ്ഞു.


