
ദില്ലി: ഇന്ത്യൻ തൊഴിലാളികളെ കരാർ തൊഴിലാളികൾ എന്ന് വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പരാമർശത്തിൽ കടുത്ത അമർഷം അറിയിച്ച് ഇന്ത്യ. ഇന്ത്യൻ ഐടി കമ്പനികൾക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് വാൻസ് നടത്തിയ പരമാർശത്തിനെതിരെയാണ് ഇന്ത്യ പ്രസ്താവന ഇറക്കിയത്. അമേരിക്കയുടെ പുരോഗതിയിൽ കുടിയേറ്റക്കാർക്കുള്ള സംഭാവന മറക്കരുതെന്ന് ഇന്ത്യ ആഞ്ഞടിച്ചു.
ഇന്ത്യൻ ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ തുടങ്ങിയവയ്ക്ക് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാം പ്രകാരം അപേക്ഷകൾ നൽകുന്നതിന് അമേരിക്ക ഇന്നലെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ആണ് ഇക്കാര്യം അറിയിച്ചത്. എച്ച് വൺ ബി വിസയിൽ അടക്കം അമേരിക്കയിൽ എത്തുന്ന ജീവനക്കാർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാനുള്ള പദ്ധതിയാണ് യുഎസ് മരവിപ്പിച്ചത്. അമേരിക്കക്കാരെ പിരിച്ചുവിട്ട് ഇന്ത്യക്കാരെ പകരം നിയമിക്കുന്നത് തട്ടിപ്പാണെന്നാണ് യുഎസ് ആരോപിച്ചത്.
കമ്പനികൾ കരാർ തൊഴിലാളികളായി ഇന്ത്യക്കാരെ കൊണ്ടുവരുന്നു എന്നായിരുന്നു വാൻസിന്റെ പരാമർശം. ഇന്ത്യൻ പ്രൊഫഷണലുകളെ ജെഡി വാൻസ് ഇങ്ങനെ വിളിച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ പ്രസ്താവന ഇറക്കി. പരാമർശം അനാവശ്യമെന്ന് വിദേശകാര്യ വക്താവ് രൺധ്വീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യക്കാർ യുഎസ് സമ്പദ് വ്യവസ്ഥയ്ക്കും പുരോഗതിക്കും നൽകിയ സംഭാവന അവഗണിക്കാനാവില്ല.
അമേരിക്കൻ ചരിത്രം രൂപപ്പെടുത്തിയത് തലമുറകളായി കുടിയേറ്റക്കാരുടെ അധ്വാനവും ഉത്സാഹവും കൂടിച്ചേർന്നാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. H1B വീസകളുടെ സാധുതയെ ഇത് ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം പ്രസ്തവനയിൽ പറയുന്നു. വ്യാപാര കരാർ ചർച്ചകൾ എങ്ങുമെത്താതെ നിൽക്കുമ്പോഴാണ് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ വീണ്ടും മറ്റൊരു വിഷയത്തിൽ തർക്കം രൂക്ഷമാകുന്നത്. അമേരിക്കയ്ക്ക് കീഴടങ്ങിയ കേന്ദ്രസർക്കാർ നയത്തിന്റെ ഫലമാണ് ഇത്തരം നടപടികൾ എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam