മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചതിനാലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് രാഹുൽ ഗാന്ധിയുടെ ഗുരുതര ആരോപണം. സോണിയ ഗാന്ധിയുടെ പുതിയ പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ
ദില്ലി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ സുരക്ഷ മനഃപൂർവം പിൻവലിച്ചതുകൊണ്ടാണെന്ന ഗുരുതര ആരോപണവുമായി മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സുരക്ഷ പിൻവലിച്ചതിന് പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും രാജീവ് ഗാന്ധി കൊല്ലപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് രാജീവ് കൊല്ലപ്പെട്ടതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ' (Belonging: A Journey of Love) എന്ന പുസ്തകവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം നടത്തിയ ചർച്ചയിലാണ് രാഹുൽ ഗാന്ധിയുടെ ഈ വെളിപ്പെടുത്തൽ. 1991 ൽ ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതിന് പിന്നാലയാണ് രാജീവ് ഗാന്ധിക്കുള്ള സുരക്ഷ കേന്ദ്രം പിൻവലിച്ചത്.
സോണിയയുടെ ഓർമ്മപ്പെടുത്തൽ
അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവിന്റെ സുരക്ഷയിൽ രാഹുൽ പലപ്പോഴും ആശങ്ക പങ്കുവച്ചിരുന്നതായി സോണിയ ഗാന്ധിയും വെളിപ്പെടുത്തി. ഓപ്പൺ ജീപ്പിലിരുന്നുള്ള രാജീവ് ഗാന്ധിയുടെ ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറുണ്ടായതടക്കം അവർ ചൂണ്ടിക്കാട്ടി. അന്ന് രാജീവിനൊപ്പം ഉണ്ടായിരുന്ന രാഹുൽ വീട്ടിലെത്തിയ ശേഷം പിതാവിന്റെ സുരക്ഷയിൽ ആശങ്ക പങ്കുവച്ചതായും സോണിയ ഓർമ്മിച്ചു. പിതാവിന്റെ സുരക്ഷ കർശനമാക്കിയില്ലെങ്കിൽ ഇനി താൻ നാട്ടിലെത്തുക അദ്ദേഹത്തിന്റെ സംസ്കാരത്തിനായിരിക്കുമെന്നാണ് തോന്നുന്നതെന്ന് വിദേശത്തെ പഠനത്തിനായി മടങ്ങവെ രാഹുൽ പറഞ്ഞിരുന്നതായും സോണിയ കൂട്ടിച്ചേർത്തു. ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതിന് പിന്നാലെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു 1991 മെയ് 21 ന് ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ചന്ദ്രശേഖർ ആയിരുന്നു അന്ന് കാവൽ പ്രധാനമന്ത്രി.
2004 ലെ പ്രധാനമന്ത്രി പദം
അതേസമയം 500 ലധികം പേജുകളുള്ള പുസ്തകത്തിലും അമ്മ ചില കാര്യങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രണയാഭ്യർത്ഥനയും തന്റെ ഏഴാം പിറന്നാളും പ്ലാൻ ചെയ്തതുപോലെ നടന്നില്ലെന്നുമടക്കം ഇക്കൂട്ടത്തിലുണ്ടെന്ന് രാഹുൽ വിവരിച്ചു. 2004 ൽ പ്രധാനമന്ത്രി സ്ഥാനം അമ്മ ഏറ്റെടുക്കാത്ത തീരുമാനം തങ്ങൾക്ക് ആശ്വാസവും മറ്റുള്ളവർക്ക് സന്തോഷവുമാണ് നൽകിയതെന്നും അദ്ദേഹം ഓർത്തെടുത്തു. പഴയ ഓർമ്മകളിലേക്കുള്ള തിരിച്ചുപോക്ക് അന്നനുഭവിച്ച സന്തോഷവും ചിരിയും വേദനയും തിരികെ കൊണ്ടുവന്നതായും, വലിയ സ്നേഹവും ദുരന്തങ്ങളും നിറഞ്ഞ അമ്മയുടെ ജീവിതയാത്രയെ അന്തസ്സോടെയും ധൈര്യത്തോടെയുമാണ് അവർ നേരിട്ടതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക















