കൊവിഡ് രണ്ടാം തരംഗത്തില്‍ രണ്ട് മാസത്തിനിടെ നഷ്ടമായത് 269 ഡോക്ടര്‍മാരെയെന്ന് ഐഎംഎ

By Web TeamFirst Published May 18, 2021, 1:05 PM IST
Highlights

ബിഹാറില്‍ 78 ഡോക്ടര്‍മാരും ഉത്തര്‍ പ്രദേശില്‍ 37 ഡോക്ടര്‍മാരും കൊവിഡിനിരയായി. കൊവിഡ് രണ്ടാം തരംഗം സാരമായി വലച്ച ദില്ലിയില്‍ 28 ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ദില്ലി: രാജ്യത്ത് രൂക്ഷമായ കൊവിഡ് രണ്ടാം തരംഗത്തില്‍ നഷ്ടമായത് 269 ഡോക്ടര്‍മാരെയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇതെന്നാണ് ഐഎംഎ വിശദമാക്കുന്നത്. സംസ്ഥാനം തോറുമുള്ള കണക്കാണ് ഐഎംഎ പുറത്തുവിട്ടിരിക്കുന്നത്. ഉത്തര്‍ പ്രദേശിലും ബിഹാറിലുമാണ് ഏറ്റവുമധികം ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

ബിഹാറില്‍ 78 ഡോക്ടര്‍മാരും ഉത്തര്‍ പ്രദേശില്‍ 37 ഡോക്ടര്‍മാരും കൊവിഡിനിരയായി. കൊവിഡ് രണ്ടാം തരംഗം സാരമായി വലച്ച ദില്ലിയില്‍ 28 ഡോക്ടര്‍മാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കൊവിഡ് ആദ്യ തരംഗത്തില്‍ 748 ഡോക്ടര്‍മാരാണ് മരിച്ചതെന്നും ഐഎംഎയുടെ കണക്ക് വിശദമാക്കുന്നു. ആയിരത്തോളം ഡോക്ടര്‍മാരാണ് രാജ്യത്തിന് നഷ്ടമായതെന്ന് പറയുന്ന ഐഎംഎ ശരിക്കുള്ള കണക്ക് ഇതിലധികമാണെന്നാണ് നിരീക്ഷിക്കുന്നത്.

അസോസിയേഷനില്‍ അംഗമായ 3.5 ലക്ഷം പേരുടെ കണക്ക് മാത്രമാണ് ഐഎംഎ പറയുന്നതെന്നും. ഇന്ത്യയില്‍ 12 ലക്ഷത്തോളം ഡോക്ടര്‍മാരുണ്ടെന്നാണ് ഐഎംഎയുടെ നിരീക്ഷണം. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ 66 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വാക്സിന്‍ വിതരണം പൂര്‍ണമായതെന്നും ഐഎംഎ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!