
ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് മരണം ഏറ്റവും ഉയർന്ന സംഖ്യയിൽ. 24 മണിക്കൂറിൽ 4329 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 2,78,719 ആയി. അതേസമയം, ഇന്ത്യയിലെ കൊവിഡ് കേസുകൾ രണ്ടര കോടി കടന്നു. 24 മണിക്കൂറിൽ 2, 63, 533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനത്തിൽ മൂന്ന് കോടി മുപ്പത് ലക്ഷം കേസുകൾ സ്ഥിരീകരിച്ച അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിൽ 29 ദിവസം കൊണ്ടാണ് കൊവിഡ് കേസുകൾ ഒന്നര കോടിയിൽ നിന്ന് രണ്ടര കോടിയായി ഉയർന്നത്. കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം എന്നീ നാല് സംസ്ഥാനങ്ങളിൽ മാത്രമായി ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് രോഗികൾ രണ്ടര കോടിയായി ഉയരുമ്പോൾ ഇതിൽ ഇരുപത്തിയൊന്ന് ശതമാനവും മഹാരാഷ്ട്രയിലാണ്. രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 8.6 ശതമാനമാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. അതേസമയം, ദില്ലിക്ക് പിന്നാലെ ഉത്തർപ്രദേശിലും കൊവിഡ് കേസുകൾ പതിനായിരത്തിന് താഴെ എത്തിയത് ആശ്വാസമായി.
അതിനിടെ, കൊവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗം ഇന്ന് നടക്കും. ഗ്രാമീണ മേഖലയിലേക്ക് കൊവിഡ് പടരുന്നത് നേരിടാനുള്ള നടപടികളാണ് കളക്ടർമാരുമായി പ്രധാനമന്ത്രി ചർച്ച ചെയ്യുന്നത്. രണ്ടു ദിവസമായി നടക്കുന്ന യോഗത്തിൽ കേരളത്തിൽ നിന്ന് എറണാകുളം ജില്ല കളക്ടറെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മികച്ച പ്രതിരോധ പ്രവർത്തനം നടന്നത് പരിഗണിച്ചാണ് ഏറണാകുളത്തെ തെരഞ്ഞെടുത്തത്. പ്ലാസ്മ തെറാപ്പി ഇനി മുതൽ കൊവിഡ് ചികിത്സയുടെ ഭാഗമല്ലെന്ന് ഐസിഎംആർ ഇന്നലെ വ്യക്തമാക്കിയിരുന്നു. മെച്ചപ്പെട്ട ഫലം നല്‍കുന്നില്ല എന്നാണ് ഐസിഎംആർ വ്യക്തമാക്കിയത്. കൊവിഡ് വന്ന് പോയവരുടെ രക്തത്തിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ പല സംസ്ഥാനങ്ങളിലും കാര്യമായി പരീക്ഷിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam