
ദില്ലി: പ്രണയിനികളുടെ ദിനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫെബ്രുവരി 14 ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ സമരസംഘടനകളുടെ തീരുമാനം. ‘ഇന്ത്യ, മൈ വാലന്റൈന്‍’ എന്നാണ് പ്രതിഷേധത്തിന് പേര് നൽകിയിരിക്കുന്നത്. ഫെബ്രുവരി 14 മുതൽ 16 വരെയാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് താരമായ സ്വര ഭാസ്കർ, വിശാൽ ദഡ്ലാനി, രേഖാ ഭരദ്വാജ് എന്നിവരും നിരവധി സാമൂഹ്യപ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കും. ദില്ലിയിൽ ആരംഭിക്കുന്ന പ്രതിഷേധ സമരം അവസാനിക്കുന്നത് മുംബൈയിലായിരിക്കുമെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളാണ് നടക്കുന്നത്. ദില്ലിയിലെ ഷഹീൻബാഗിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള നിരവധി പേരാണ് ദിവസങ്ങളായി സമരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായി ഇവിടെ സമരം തുടർന്നു കൊണ്ടിരിക്കുകയാണ്. ദില്ലിയിലെ തെരഞ്ഞെടുപ്പ് ദിനമായ ഫെബ്രുവരി എട്ടിന് മൂന്ന് ഘട്ടങ്ങളിലായാണ് സമരക്കാർ വോട്ട് രേഖപ്പെടുത്താനെത്തിയത്. രാവിലെയും ഉച്ചകഴിഞ്ഞും വൈകുന്നേരവുമായിട്ടാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്. പശ്ചിമബംഗാൾ തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam