Jan Ki Baat opinion poll : ഉത്തര്‍പ്രദേശിലും പഞ്ചാബിലും ആര് ഭരിക്കും; പുതിയ അഭിപ്രായ സര്‍വേ

By Web TeamFirst Published Dec 26, 2021, 6:42 AM IST
Highlights

പഞ്ചാബിൽ 37.80 ശതമാനം വോട്ട് ആം ആദ്മി പാർട്ടിയും 34.70 ശതമാനം വോട്ട് കോൺഗ്രസിനും ബിജെപിക്ക് 5 ശതമാനം വോട്ടും ശിരോമണി അകാലിദൾ 20.5 ശതമാനം വോട്ടും നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. 

ദില്ലി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പ്രവചിച്ച് ഇന്ത്യ ന്യൂസ്- ജന്‍ കി ബാത്ത് അഭിപ്രായ സര്‍വേ ഫലം ( Jan Ki Baat opinion poll). പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന് പറയുന്ന സര്‍വേ ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം നിലനിര്‍ത്തും എന്ന് പറയുന്നു. ഉത്തര്‍ പ്രദേശില്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവ് ഉണ്ടെങ്കില്‍ ബിജെപി തന്നെ ഭരണം നേടുമെന്നാണ് സര്‍വേ പറയുന്നത്.

പഞ്ചാബിൽ 37.80 ശതമാനം വോട്ട് ആം ആദ്മി പാർട്ടിയും 34.70 ശതമാനം വോട്ട് കോൺഗ്രസിനും ബിജെപിക്ക് 5 ശതമാനം വോട്ടും ശിരോമണി അകാലിദൾ 20.5 ശതമാനം വോട്ടും നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്.  പഞ്ചാബിലെ 117 സീറ്റിൽ 50–57 സീറ്റുകൾ വരെ ആം ആദ്മി നേടിയേക്കുമെന്നും കോൺഗ്രസ് 40–46 സീറ്റുകളും ശിരോമണി അകാലിദൾ 16–21 സീറ്റുകളും ബിജെപി 0–4 സീറ്റ് വരെ നേടുമെന്നുമാണു  സർവേ പ്രവചിക്കുന്നത്.

Latest Videos

ഇന്ത്യ ന്യൂസ്-ജന്‍ കി ബാത് സര്‍വേയില്‍ ഉത്തരാഖണ്ഡില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് (Congress) നില മെച്ചപ്പെടുത്തുമെന്നും സര്‍വേയില്‍ പറയുന്നു. 70 അംഗ നിയമസഭയില്‍ ബിജെപി 35 മുതല്‍ 38 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആഭ്യന്തര കലഹമാണെങ്കിലും കോണ്‍ഗ്രസ് 27 മുതല്‍ 31 സീറ്റുകള്‍ വരെ നേടും. ആറ് സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നേടുമെന്നും സര്‍വേ പറയുന്നു. 5000 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. 39 ശതമാനം പേര്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 38.2 ശതമാനം പേര്‍ കോണ്‍ഗ്രസിനെയാണ് അനുകൂലിച്ചത്. 11.7 ശതമാനം പേര്‍ ആം ആദ്മി പാര്‍ട്ടിയെ അനുകൂലിച്ചു. നരേന്ദ്രമോദി സര്‍ക്കാറിന്റെ പദ്ധതികള്‍ സംസ്ഥാന ബിജെപിക്ക് ഗുണമാകുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 69 ശതമാനവും അഭിപ്രായപ്പെട്ടത്.

ഭരണവിരുദ്ധ വികാരത്തേക്കാള്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള വികാരമാണ് 60 ശതമാനമാളുകള്‍ പ്രകടിപ്പിച്ചത്. 30 ശതമാനം പേര്‍ പാര്‍ട്ടികളുടെ നയത്തിനെതിരെയും  10 ശതമാനം പേര്‍ ഭരണവിരുദ്ധ വികാരത്തിനും അഭിപ്രായം രേഖപ്പെടുത്തി. തൊഴിലില്ലായ്മയും കുടിയേറ്റവും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകുമെന്ന് 47 ശതമാനം പേരും അഭിപ്രായപ്പെട്ടു. ആരോഗ്യവും കുടിവെള്ളവുമാണ് പ്രധാന പ്രശ്‌നമെന്ന് 20 ശതമാനം പേര്‍ അറിയിച്ചു. വിലക്കയറ്റം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 10 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി.

ബ്രാഹ്മണരും രാജ്പുത്തുകളും ബിജെപിക്ക് തന്നെയാണ് വോട്ട് ചെയ്യുകയെന്ന് 45 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ 85 ശതമാനം വോട്ടും കോണ്‍ഗ്രസിന് ലഭിക്കും. സിഖ് സമുദായത്തിന്റെ 60 ശതമാനവും വോട്ട് കോണ്‍ഗ്രസിന് ലഭിക്കും. പട്ടിക ജാതിക്കാരുടെ 75 ശതമാനം വോട്ടും കോണ്‍ഗ്രസിന് ലഭിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുഷ്‌കര്‍ സിങ് ധാമിക്ക് 40 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ഹരീഷ് റാവത്തിനെ അനുകൂലിച്ചു.

ഉത്തർപ്രദേശിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നാണ് ഇന്ത്യ ന്യൂസ്– ജന്‍ കി ബാത്ത് അഭിപ്രായ സര്‍വേഫലം പറയുന്നത്. നവംബർ 22 മുതൽ ഡിസംബർ 20 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അഭിപ്രായ ശേഖരണം നടത്തിയാണ് റിപ്പോർട്ട് പുറത്തു വിടുന്നതെന്നാണ് അവകാശപ്പെടുന്നത്. ബിജെപിക്ക് വ്യക്തമായ മുന്നേറ്റമാണു സർവേ പ്രവചിക്കുന്നത്.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനു മുൻപു പുറത്തുവന്ന മറ്റൊരു സർവേയിൽ, 100 സീറ്റിലേറെ ബിജെപിക്കു കുറയുമെങ്കിലും ഭരണം നിലനിർത്തുമെന്നായിരുന്നു പ്രവചനം. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി തുടരുമെന്നും സർവേ പറയുന്നു. ഇപ്പോൾ പുറത്തുവന്ന സർവേയിൽ 233–252 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണു പ്രവചനം.‌
 

click me!