പുല്‍വാമ ആക്രമണം: നല്‍കിയ തെളിവുകൾ പാകിസ്ഥാൻ തള്ളിയത് നിർഭാഗ്യകരമെന്ന് ഇന്ത്യ

By Web TeamFirst Published Mar 28, 2019, 8:55 PM IST
Highlights

ഭീകരർക്കെതിരെ നടപടി എടുക്കുമെന്ന് പാകിസ്ഥാൻ നൽകിയ ഉറപ്പ് പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു

ദില്ലി: പുൽവാമ സംഭവത്തിൽ ഇന്ത്യ നൽകിയ തെളിവുകൾ പാകിസ്ഥാൻ തള്ളിയത് നിർഭാഗ്യകരമെന് ഇന്ത്യ. ഭീകരർക്കെതിരെ നടപടി എടുക്കുമെന്ന് പാകിസ്ഥാൻ നൽകിയ ഉറപ്പ് പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിന് ശേഷമുള്ള ചരിത്രം പാകിസ്ഥാൻ ആവർത്തിക്കുകയാണ്. ജയ്ഷ് - ഇ മുഹമ്മദിന്‍റെ പങ്കിന് കൂടുതൽ തെളിവുകൾ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. 

പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന നിലപാടാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ അറിയിച്ചത്. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്ഷ് ഇ മുഹമ്മദാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് കഴിഞ്ഞ മാസം 27 ന് ഇന്ത്യ പാക്കിസ്ഥാന് കൈമാറിയത്. 

ഭീകരരുടെയും താവളങ്ങളുടെയും വിവരങ്ങളും ഇന്ത്യ നല്‍കിയ തെളിവുകളിലുണ്ടായിരുന്നു. ഇത് അപര്യാപ്തമെന്നാണ് പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രാലയം നല്‍കിയ മറുപടി വ്യക്തമാക്കുന്നത്.

ഭീകരര്‍ക്കെതിരായ നടപടിയുമായി സഹകരിക്കാന്‍ പാകിസ്ഥാന്‍ സന്നദ്ധമാണ്. എന്നാല്‍ കൂടുതല്‍ തെളിവ് വേണമെന്നുമാണ് ആവശ്യം. പുല്‍വാമ ആക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ പാകിസ്ഥാനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിരുന്നു. പിന്നാലെയാണ് ഇന്ത്യ ഭീകരരുടെ വിവരങ്ങള്‍ കൈമാറിയത്.

click me!