
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ഡിജിഎംഒ തല ചർച്ചയിൽ മുന്നറിയിപ്പുമായി ഇന്ത്യ. ഒരു വെടി പോലും ഉതിർക്കരുതെന്നും വെടിനിർത്തൽ സമ്പൂർണമായി നടപ്പാക്കണമെന്നും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. അതിർത്തി മേഖലകളിൽ നിന്ന് ഇരുപക്ഷവും സേനകളെ കുറച്ച് തുടങ്ങാനും തീരുമാനമുണ്ട്. വെടിനിർത്തൽ സംബന്ധിച്ചാണ് ചർച്ച ചെയ്തത്. സിന്ധു നദീജല കരാർ അടക്കമുള്ള വിഷയങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്തില്ല. ഇന്ന് വൈകിട്ടോടെ ആരംഭിച്ച ചർച്ച 30 മിനിറ്റോളമാണ് നീണ്ടു നിന്നത്. ചർച്ച തുടരാനും യോഗത്തിൽ ധാരണയായി.
അതേസമയം ഇന്ന് രാത്രി എട്ടിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ഹോട്ട്‌ലൈൻ വഴിയാണ് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ ചർച്ച നടത്തിയത്. സൈനിക തലത്തിലല്ലാതെ മറ്റു ചർച്ചകൾക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രാത്രി പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും വലിയ പ്രകോപനങ്ങൾ ഉണ്ടായില്ലെന്നാണ് സൂചന. അതിർത്തി ശാന്തമാണ്. പഞ്ചാബ്, ഗുജറാത്ത് രാജസ്ഥാൻ, ജമ്മു കശ്‍മീ ർ ഉൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.