
ദില്ലി: രാജ്യത്ത് വൈദ്യുത ഉപയോഗം വർധിക്കുന്നുവെന്ന് കേന്ദ്ര ഊർജ മന്ത്രാലയം. ഇന്ന് ഉച്ചയ്ക്ക് 201.066 ജിഗാവാട്ട് ആണ് രാജ്യത്താകമാനമായി ഉപയോഗിക്കപ്പെട്ട വൈദ്യുതിയുടെ അളവ്. 2021 ജൂലൈ 7-ന് ഉണ്ടായ 200.539 ജിഗാവാട്ട് എന്ന കഴിഞ്ഞ വർഷത്തെ പരമാവധി ഉപയോഗത്തെക്കാളും മുകളിലാണ് ഇന്നത്തെ കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയം വ്യക്തമാക്കുന്നത്. കേന്ദ്ര ഊർജ മന്ത്രാലയം ട്വിറ്ററിലൂടെ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുണ്ട്.
കെഎസ്ഇബി സമരം: ജീവനക്കാർക്ക് തിരിച്ചടി; ആവശ്യമെങ്കിൽ എസ്‌മ പ്രയോഗിക്കാമെന്ന് ഹൈക്കോടതി
കെ എസ് ഇ ബിയിലെ സമരവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ആവശ്യമെങ്കിൽ എസ്മ പ്രയോഗിക്കുന്നതിൽ തടസ്സമില്ലെന്ന് നിലപാടെടുത്തു. കെ എസ് ഇ ബി യുടെ പ്രവർത്തനം തടസ്സപ്പെടുന്ന ഘട്ടം ഉണ്ടാവുകയാണെങ്കിൽ ബോർഡിന് എസ്മ ഉപയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി. സമരം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹർജിയിലാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കെ എസ് ഇ ബി ചെയർമാന്‍റെയും മാനേജ്മെന്‍റിന്‍റെയും പ്രതികാര നടപടികൾക്കെതിരെ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ആണ് സമരം ചെയ്യുന്നത്. വൈദ്യുതി ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം താത്കാലികമായി നിർത്തിയിരുന്നു.
കേസ് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോൾ കെ എസ് ഇ ബി ഓഫീസർമാരുടെ സമരത്തിൽ ഇടപെടാനില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ നിലപാട്. വൈദ്യുതി വിതരണം അവശ്യ സേവന മേഖലയിൽ വരുന്നതാണെന്നും സമരം വിലക്കണമെന്നും ആവശ്യപ്പെട്ടുളളതായിരുന്നു സ്വകാര്യ പൊതുതാത്പര്യ ഹർജി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്ന് തന്നെ വൈദ്യുതി ബോർഡിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികാരമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam